ഏഷ്യയിലെ ടീമുകളെ നേരിടാൻ അർജന്റീന വന്നു തുടങ്ങി, ആരാധകർ കാത്തിരിക്കുന്ന സൂപ്പർ പോരാട്ടങ്ങൾ ഇങ്ങനെ..

ഖത്തറിലെ ഫിഫ വേൾഡ് കപ്പ്‌ നേടിയ നിലവിലെ ലോകജേതാക്കളായ അർജന്റീന ദേശീയ ടീം വീണ്ടും ഫുട്ബോൾ മൈതാനങ്ങളിലേക്ക് പോരിനിറങ്ങുന്നു. യൂറോപ്യൻ ഫുട്ബോൾ സീസൺ ഏകദേശം അവസാനിച്ചിരിക്കവേ ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടിയാണ് അർജന്റീന ടീം ഒരുങ്ങുന്നത്.

അതേസമയം വരുന്ന ദിവസങ്ങളിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി അർജന്റീന ടീം ചൈനയിലെ ബേയ്ജിങ്ങിൽ വിമാനം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അർജന്റീന ദേശീയ ടീം കോച്ചിങ് സ്റ്റാഫുകളും ചില താരങ്ങളുമാണ് ആദ്യം എത്തിയത്. ബയേൺ ലെവർകൂസന്റെ താരമായ പലാസിയോസ്, ബ്രെയിറ്റൻ താരമായ ഫാകുണ്ടോ, 17-കാരനായ ഗോൾകീപ്പർ മാറ്റിയോ തുടങ്ങിയ താരങ്ങളാണ് നിലവിൽ അർജന്റീന ക്യാമ്പിലെത്തിയ താരങ്ങൾ.

ബാക്കിയുള്ള അർജന്റീന താരങ്ങൾ ഉടനെ തന്നെ ടീമിനോടൊപ്പം ബേയ്ജിങ്ങിൽ വെച്ച് ചേരും. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ വെച്ച് ജൂൺ 15 വ്യാഴാഴ്ച ഇന്ത്യൻ സമയം 5:30നാണ്‌ അർജന്റീനയുടെ ആദ്യ സൗഹൃദ മത്സരം ഓസ്ട്രേലിയക്കെതിരെ അരങ്ങേറുന്നത്. ഫിഫ വേൾഡ് കപ്പിൽ തങ്ങളെ പുറത്താക്കിയ അർജന്റീനയെ തോല്പിക്കാൻ ഓസ്ട്രേലിയക്ക് കഴിയുമെന്നാണ് ഓസ്ട്രേലിയൻ ആരാധകർ പ്രതീക്ഷിക്കുന്നത്.

ചൈനയിൽ വെച്ച് ഓസ്ട്രേലിയയെ നേരിട്ടു കഴിഞ്ഞാൽ പിന്നെ രണ്ടാം സൗഹൃദ മത്സരത്തിന് വേണ്ടി ഇന്തോനേഷ്യയിലെ ജകാർത്തയിലേക്ക് അർജന്റീന ടീം വിമാനം കയറും. ജൂൺ 19-ന് ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് നടക്കുന്ന രണ്ടാം സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ. നിലവിലെ വേൾഡ് കപ്പ്‌ ജേതാക്കൾ എന്ന തലയെടുപ്പുമായാണ് അർജന്റീന ടീം ഏഷ്യയിലെ സൗഹൃദ മത്സരങ്ങൾക്ക് ഒരുങ്ങുന്നത്.