‘ഇതിനെ ഒരു സൗഹൃദ മത്സരമായി കണക്കാക്കാൻ പോകുന്നില്ല, പ്രതികാരം ചെയ്യാനുള്ള അവസരമാണ്’ |Argentina Vs Australia

ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലോകകപ്പ് ജേതാക്കളായ അർജന്റീന ഓസ്‌ട്രേലിയയെ നേരിടും.ഡിസംബറിൽ നടന്ന ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ തോൽപ്പിച്ചതിന് ശേഷം മാർച്ചിൽ പനാമയ്ക്കും കുറക്കാവോയ്‌ക്കുമെതിരെ നടന്ന ബാക്ക്-ടു-ബാക്ക് സൗഹൃദ മത്സരങ്ങളിൽ അര്ജന്റീന തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.

രണ്ട് മത്സരങ്ങളിലും കൂടി അര്ജന്റീന 9 ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്തു. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോൾ മികച്ച വിജയം തന്നെയാണ് അര്ജന്റീന ലക്ഷ്യമിടുന്നത്.ലോകകപ്പ് റൗണ്ട് ഓഫ് 16 ഘട്ടത്തിലാണ് അവർ അവസാനമായി ഓസ്‌ട്രേലിയയെ കണ്ടത്. ആ മത്സരത്തിൽ അര്ജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടി. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഓസ്‌ട്രേലിയൻ പരിശീലകൻ മെസ്സിക്കും അര്ജന്റീനക്കും മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.

ലയണൽ മെസ്സിയോട് തങ്ങൾക്ക് പരമാവധി ബഹുമാനമുണ്ടെന്നും എന്നാൽ സൗഹൃദ മത്സരത്തിൽ അർജന്റീനയെ കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തെ തടയാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു.“ലയണൽ മെസ്സിയെ സംബന്ധിച്ച്, ഫുട്ബോളിൽ ഇത്രയൂം കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ഞങ്ങൾക്ക് എങ്ങനെ ബഹുമാനിക്കാതിരിക്കാനാകും? തീർച്ചയായും ഞങ്ങൾ മെസ്സിയെ ബഹുമാനിക്കുന്നു, എന്നാൽ അതേ സമയം അദ്ദേഹത്തെ തടയാനും ഞങ്ങളുടെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നു, ഞങ്ങൾ അവിടെയെത്തി ശരിയായി കളിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലോക ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യും “പരിശീലകൻ പറഞ്ഞു.

“ഞങ്ങൾ ഇതിനെ ഒരു സൗഹൃദ മത്സരമായി കണക്കാക്കാൻ പോകുന്നില്ല. ഞങ്ങൾ അവിടെ പോയി ഞങ്ങളുടെ പരമാവധി ചെയ്യാൻ ശ്രമിക്കുകയും ഗെയിം വിജയിക്കുകയും ചെയ്യും. അവർ ഞങ്ങളെ തോൽപ്പിച്ചതിനാൽ ഇത് ഒരു ചെറിയ പകപോക്കലാണ്. തീർച്ചയായും ഇതൊരു തീവ്രമായ ഗെയിമായിരിക്കും. നിങ്ങൾ അങ്ങനെ വെച്ചാലും അതൊരു സൗഹൃദമത്സരമാകുമെന്ന് തോന്നുന്നില്ല. ”ഓസ്‌ട്രേലിയൻ താരം കീനു ബാക്കസ് പറഞ്ഞു.

ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരെ മിഡ്‌ഫീൽഡിൽ മെസ്സിയെ വലച്ചത് ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ബാക്കസ് കാഴ്ചവെച്ചത്. സോക്കറോസ് ലോകകപ്പിൽ ചെയ്ത അതേ ടെംപ്ലേറ്റ് ബെയ്ജിംഗിലെ ഏറ്റുമുട്ടലിലും എടുക്കുമെന്ന് സ്കോട്ട്ലൻഡിൽ സെന്റ് മിറനുമായി തന്റെ ക്ലബ് ഫുട്ബോൾ കളിക്കുന്ന മിഡ്ഫീൽഡർ പറഞ്ഞു.ജൂൺ 15-ന് ഓസ്ട്രേലിയക്കെതിരെയും ജൂൺ 19-ന് ഇന്തോനേഷ്യക്കെതിരെയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ അരങ്ങേറുന്നത്.

ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കളിക്കുന്ന ലിയോ മെസ്സി ഇന്തോനേഷ്യക്കെതിരായ രണ്ടാം മത്സരത്തിൽ കളിക്കില്ല എന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആദ്യ മത്സരം കഴിഞ്ഞ് രണ്ടാം മത്സരത്തിന് വേണ്ടി ഇന്തോനേഷ്യയിലേക്ക് പോകുന്ന അർജന്റീന ടീമിനോടൊപ്പം ലിയോ മെസ്സി യാത്ര ചെയ്യില്ല എന്നാണ് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്. ലിയോ മെസ്സി തന്റെ ഒഴിവുകാലം ആഘോഷിച്ചതിന് ശേഷം ഉടനെ ഇന്റർ മിയാമിയോടൊപ്പം ചേരും.