ഇനി ഗോളുകൾക്ക് ക്ഷാമമുണ്ടാവില്ല , ഓഫ്‌സൈഡിൽ വലിയ മാറ്റങ്ങളുമായി ഫിഫ | FIFA

ടെക്നോളജിയുടെ കടന്നു വരവോടെ ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഗോൾ ലൈൻ ടെക്നോളജിയിലും ഓഫ്‌സൈഡ് നിയമങ്ങളിലും വീഡിയോ അസിസ്റ്റന്റ് റഫറിയിലും വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിൽ ചിപ്പ് ഘടിപ്പിച്ച പന്തുകൾ വരെ ഫിഫ രംഗത്തിറക്കിയിരുന്നു.ഇപ്പോഴിതാ പുതിയ ഓഫ്സൈഡ് നിയമം കൊണ്ട് വന്നിരിക്കുകയാണ് ഫിഫ. ഫുട്ബോളിലെ ഏറ്റവും വിവാദ വിഷയങ്ങളിലൊന്നാണ് ഓഫ്‌സൈഡ് നിയമം.

മില്ലിമെട്രിക് ഓഫ്സൈഡ് പൊസിഷനുകൾ തടയാൻ ഫിഫ നിയമം മാറ്റുന്നു. പുതിയ ഓഫ്സൈഡ് നിയമം അനുസരിച്ച് ഒരു കളിക്കാരന്റെ ശരീരത്തിന്റെ എല്ലാ ഭാഗവും ഡിഫെൻസിവ് ലൈനിന്റെ മുന്നിൽ കടന്നാൽ മാത്രമേ ഓഫ്‌സൈഡായി കണക്കാക്കൂ. ഉദാഹരണം പറഞ്ഞാൽ ഒരു താരത്തിന്റെ കാൽപ്പാദം മാത്രം ഡിഫെൻസിവ് ലൈനിനു പിന്നിലും ബാക്കി ഭാഗങ്ങൾ മുന്നിലുമാണെങ്കിൽ നേരത്തെ ഓഫ്‌സൈഡ് ആയിരുന്നെങ്കിൽ ഇപ്പോൾ അത് ഓഫ്‌സൈഡായി കണക്കാക്കില്ല.മുട്ടോ തോളോ മാത്രം മുന്നിലാണെങ്കിൽ ഓഫ്സൈഡ് ഉണ്ടാകില്ല.

ഇറ്റലിയിലും സ്വീഡനിലുമാണ് പുതിയ നിയമങ്ങൾ ആദ്യം ബാധകമാകുക. ആവശ്യമുള്ള ഫലങ്ങൾ ലഭിച്ചാൽ, പുതിയ നിയമങ്ങൾ ലോകമെമ്പാടും പ്രയോഗിക്കും. ഈ നിയമങ്ങൾ ഉപയോഗിച്ച് വിവാദങ്ങൾ തടയാനും ഫിഫ ലക്ഷ്യമിടുന്നു.ഫിഫയുടെ പുതിയ തീരുമാനം കായിക പൊതുജനാഭിപ്രായത്തിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായി. ചിലർ തീരുമാനത്തെ പിന്തുണച്ചപ്പോൾ മറ്റു ചിലർ പഴയ നിയമത്തെ അനുകൂലിച്ചു.

ഫിഫയും ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡും (ഐഎഫ്എബി) നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ ഓഫ്സൈഡ് നിയമം പരീക്ഷിക്കാൻ തീരുമാനിച്ചത്.ഫിഫ ഡെവലപ്‌മെന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന മുൻ ആഴ്‌സണൽ മാനേജർ ആഴ്‌സൻ വെംഗർ ആണ് ഈ പരിഷ്‌ക്കാരങ്ങൾക്ക് പിന്നിൽ.