അമേരിക്കയിൽ ഇനി കളി മാറും; വമ്പൻ പ്രഖ്യാപനവുമായി ഇന്റർ മിയാമി ക്ലബ് പ്രസിഡന്റ്

ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലേക്ക് പോയത് ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷം നൽകുന്ന കാര്യമായിരുന്നില്ല. യൂറോപ്പിൽ തന്നെ മെസ്സി തുടരുന്നത് കാണാനായിരുന്നു ആരാധകർക്ക് ഇഷ്ടം. യൂറോപ്പിൽ അവസരം ലഭിച്ചില്ലെങ്കിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിന്റെ ഓഫർ സ്വീകരിച്ച് സൗദിയിൽ മെസ്സി- റോണോ പോരും ആരാധകരും ആഗ്രഹിച്ചിരുന്നു.

എന്നാൽ ആരാധകരെ പോലും ഞെട്ടിച്ചാണ് മെസ്സി ഇന്റർ മിയാമിയിലേക്ക് പോയത്.ഫുട്ബോളിന് ഏറെ പ്രാധാന്യം ഇല്ലാത്ത ഒരു രാജ്യം. അവിടുത്തെ ലീഗിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന ഒരു ടീം. ടീമിൽ ശ്രദ്ധയാകര്ഷിക്കുന്ന ഒരൊറ്റ താരം പോലും ഇല്ല, ഇതൊക്കെ ആരാധകർക്ക് മെസ്സി ഇന്റർ മിയാമി തിരഞ്ഞെടുത്തതിലെ വിയോജിപ്പുകളാണ്.എന്നാൽ ആരാധകർ നിരാശപ്പെടേണ്ടരുതെന്ന് സൂചന നൽകുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇന്റർ മിയാമി പ്രസിഡന്റ് ജോർജേ മാസ്. മെസ്സി ഇന്റർ മിയാമിയിലേക്ക് എത്തുന്നതോടെ മേജർ ലീഗ് സോക്കർ ലോകത്തിലെ തന്നെ മികച്ച ലീഗുകളിൽ ഒന്നാവുമെന്നും അതിനുള്ള നീക്കങ്ങൾ ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ക്ലബ് പ്രസിഡന്റ് ജോർജേ മാസ് വ്യക്തമാക്കി.

ക്ലബ്ബിൽ ലോകോത്തര താരങ്ങളുടെ അഭാവമുണ്ടെന്ന ആരാധകരുടെ പരാതിയ്ക്കും ജോർജേ മാസ് പരിഹാരം കാണുന്നുണ്ട്.ബാഴ്‌സയിൽ മെസ്സിയുടെ സഹ താരങ്ങളായ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവരെയും ക്ലബ്ബിലെത്തിക്കുമെന്നും ജോർജേ മാസ് വ്യക്തമാക്കി. ഈ താരങ്ങളുമായി കരാർ ചർച്ചകൾ നടത്തുന്നുണ്ടെന്നും ഉടൻ മൂവരെയും ക്ലബ്ബിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എൽ പാരിസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോർജേ മാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതെ സമയം ജൂലായ് 21 നായിരിക്കും മെസ്സിയുടെ മേജർ ലീഗ് സോക്കറിലെ അരങ്ങേറ്റം. മെക്സിക്കൻ ക്ലബ് ക്രൂസ് അസൂലിനെതിരേയായിരിക്കും മെസ്സിയുടെ അരങ്ങേറ്റം. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വൻ വിലയ്ക്ക് വിറ്റഴിഞ്ഞിരുന്നു. കൂടാതെ മെസ്സിയുടെ അരങ്ങേറ്റത്തിനായി സ്റ്റേഡിയത്തിന്റെ സിറ്റിങ് കപ്പാസിറ്റി അടക്കം വർധിപ്പിച്ചിട്ടുണ്ട്.