എംഎൽഎസിൽ പോകുന്നതിനെ കുറിച്ച് മെസ്സിയുമായി സംസാരിച്ചുവെന്ന് നെയ്മർ ജൂനിയർ

രണ്ട് വർഷം മുൻപ് എഫ്സി ബാഴ്സലോണയിൽ കരാർ പുതുക്കാൻ കഴിയാതെ ലിയോ മെസ്സി വിഷമിച്ചു നിന്ന സമയത്ത് പുതിയ ക്ലബ്ബ് തേടിയ ലിയോ മെസ്സി തന്റെ സുഹൃത്തുക്കൾ കളിക്കുന്ന പിഎസ്ജിയിലേക്കാണ് വന്നത്. പ്രധാനമായും നെയ്‌മർ ജൂനിയർ എന്ന ബ്രസീലുകാരന്റെ സാന്നിധ്യമാണ് മെസ്സിയെ പാരിസിലേക്ക് വരാൻ പ്രേരിപ്പിച്ചത്.

എഫ്സി ബാഴ്സലോണ ക്ലബ്ബിലും ഒരുമിച്ച് കളിച്ചിട്ടുള്ള ഇരുതാരങ്ങളും വീണ്ടും പിഎസ്ജിയിലൂടെ ഒരുമിച്ച് കളിച്ചു. എന്നാൽ കരാർ അവസാനിച്ചതോടെ ലിയോ മെസ്സി പാരിസ് വിട്ടു. അമേരിക്കയിലെ മേജർ സോക്കർ ലീഗിലെ ഇന്റർ മിയാമിയിലേക്കാണ് ലിയോ മെസ്സി യൂറോപ്പിനോട് യാത്ര പറഞ്ഞു പോയത്..

ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്ക് പിന്നാലെ ഒരു അഭിമുഖത്തിൽ ലിയോ മെസ്സി ടു ഇന്റർ മിയാമിയെ കുറിച്ച് സംസാരിക്കുകയാണ് നെയ്മർ ജൂനിയർ. ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോകുന്നതിനെ കുറിച്ച് തനിക്കു അറിയാമായിരുന്നുവെന്നും മെസ്സി മിയാമിയിൽ സന്തോഷവാനായിരിക്കും എന്നുമാണ് നെയ്‌മർ ജൂനിയർ പറഞ്ഞത്.

“മെസ്സി മിയാമിയിലേക്ക് പോകുന്നതിനെ കുറിച്ച് എനിക്കതറിയാമായിരുന്നു. മെസ്സി എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്, ഫുട്ബോൾ എനിക്ക് നൽകിയ ഗിഫ്റ്റാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തോടൊപ്പം കളിക്കാൻ അവസരം ലഭിച്ചു, തുടർന്ന് ഞങ്ങൾ സുഹൃത്തുക്കളായി. അവൻ മിയാമിയിൽ വരുമെന്ന് എനിക്കറിയാമായിരുന്നു, ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നഗരവും ജീവിതരീതിയും കാരണം അവൻ വളരെ സന്തോഷവാനായിരിക്കുമെന്ന് ഞാൻ അവനോട് പറഞ്ഞു, അവൻ ലീഗിനെ മുഴുവൻ മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – നെയ്മർ ജൂനിയർ പറഞ്ഞു.

യൂറോപ്യൻ ഫുട്ബോളിലെ ഈ സീസൺ ഗംഭീര ഫോമിൽ തുടങ്ങിയ നെയ്മർ ജൂനിയർ നിരവധി ഗോളുകളും അസിസ്റ്റുകളുമായി മുന്നോട്ട് കുതിച്ചെങ്കിലും പാതിവഴിയിൽ വെച്ച് പരിക്ക് ബാധിച്ചപ്പോൾ പുറത്തിരിക്കാനായിരുന്നു വിധി. റിപ്പോർട്ടുകൾ പ്രകാരം ജൂലൈ മാസത്തിൽ നെയ്‌മർ ജൂനിയർ പരിശീലനത്തിന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.