ഇന്റർ മിയാമി അവസാന സ്ഥാനത്താണെന്ന് മെസ്സിയെ അഗ്യൂറൊ ഓർമ്മിപ്പിച്ചപ്പോൾ മെസ്സി നൽകിയ മറുപടി

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനോട്‌ വിട പറഞ്ഞ അർജന്റീനയുടെ വേൾഡ് കപ്പ്‌ നായകൻ ലിയോ മെസ്സിയെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ശ്രമിച്ചെങ്കിലും സൗദിയിലെ ഓഫറുകൾ വരെ തള്ളിക്കളഞ്ഞു കൊണ്ടാണ് ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്ക് കൂടുമാറിയത്.

ലിയോ മെസ്സി ഇന്റർ മിയാമിയിലേക്ക് മാറിയതിനു ശേഷം മെസ്സിയെ വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ചതായി ലിയോ മെസ്സിയുടെ അർജന്റീന സഹതാരമായ സെർജിയോ അഗ്യൂരോ വെളിപ്പെടുത്തി. ഈയിടെ നടന്ന ഒരു ടിവി പരിപാടിക്കിടെയാണ് മെസ്സിയുമായി സംസാരിച്ച ചില രസകരമായ കാര്യങ്ങൾ അഗ്യൂരോ വെളിപ്പെടുത്തിയത്.

“എംഎൽഎസിലെ ഈസ്റ്റേൺ ലീഗിലെ പോയന്റ് ടേബിളിന്റെ ഒരു സ്ക്രീൻഷോട്ട് ഞാൻ ലിയോ മെസ്സിക്ക് അയച്ചുകൊടുത്തു, എന്നിട്ട് മെസ്സിയോട് ചോദിച്ചു ‘നിന്റെ ടീം അവസാന സ്ഥാനത്താണല്ലോ, നിനക്ക് ഇനി 8/9 സ്ഥാനങ്ങളിലെത്തണല്ലോ’ അപ്പോൾ മെസ്സി പറഞ്ഞത് ‘ഞങ്ങൾക്ക് പ്ലേഓഫിൽ എത്തണം’ എന്നാണ്. ” – അഗ്യൂരോ പറഞ്ഞു.

ലിയോ മെസ്സിയോട് മത്സരം കാണാനുള്ള ടിക്കറ്റ് ലഭിക്കുമോ എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച ഉത്തരം ഞെട്ടിക്കുന്നതായിരുന്നുവേന്നും അഗ്യൂരോ പറഞ്ഞു. ” ഞാൻ മെസ്സിയോട് ഇന്റർ മിയാമിയുടെ കളി കാണാനുള്ള ടിക്കറ്റ് ചോദിച്ചു, പക്ഷെ ടിക്കറ്റ് മുഴുവൻ വിറ്റുപോയെന്നാണ് മെസ്സി പറഞ്ഞത്. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല. ” – അഗ്യൂരോ പറഞ്ഞു.

ലിയോ മെസ്സിയുടെ വരവോട് കൂടി പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഇന്റർ മിയാമിയുടെ സീസണിലെ ശേഷിക്കുന്ന ഹോം, എവേ മത്സരങ്ങളുടെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിട്ടുണ്ട്. മാത്രവുമല്ല ടിക്കറ്റ് നിരക്ക് കുത്തനെയാണ് ഉയർന്നിട്ടുള്ളത്. 30ഡോളർ മുതൽ 300ഡോളർ വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 300ഡോളർ മുതൽ 3500 ഡോളർ നിരക്ക് വരെയായി.