ലയണൽ മെസ്സി ഹിലാലിൽ വന്നു കഴിഞ്ഞാൽ തന്നെ വേണ്ടെന്നു പറയുമോ എന്ന ഭയത്താൽ സൗദി താരം |Lionel Messi

ലയണൽ മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബുകളിലൊന്നാണ് സൗദി അറേബ്യൻ കരുത്തരായ അൽ ഹിലാൽ.മെസ്സിക്ക് വേണ്ടി അവർ 400 മില്യൺ യൂറോയുടെ ഒരു ഭീമാകാരമായ ഓഫർ നൽകിയിട്ടുണ്ട്.അത് 500 മില്യൺ യൂറോയാക്കി വർദ്ധിപ്പിച്ചതായും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്തൊക്കെയായാലും ആ വലിയ ഓഫർ ഇപ്പോഴും ലയണൽ മെസ്സിയുടെ ടേബിളിലുണ്ട്.

മെസ്സി ഇതുവരെ അത് പരിഗണിച്ചിട്ടില്ല.കാരണം യൂറോപ്പ് വിട്ട് പുറത്തുപോകാൻ നിലവിൽ മെസ്സി ഉദ്ദേശിക്കുന്നില്ല.സൗദി അറേബ്യയുമായി അടുത്ത ബന്ധം വെച്ച് പുലർത്തുന്ന വ്യക്തിയാണ് മെസ്സി.സൗദിയുടെ ടൂറിസം അംബാസിഡർ ലയണൽ മെസ്സിയാണ്.പക്ഷേ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന ഞെട്ടിച്ചിരുന്നതും ഇതേ സൗദി തന്നെയായിരുന്നു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആ മത്സരത്തിൽ അർജന്റീനയെ അട്ടിമറിക്കുകയായിരുന്നു.

ആ മത്സരത്തിൽ ലയണൽ മെസ്സിയെ പ്രകോപിപ്പിച്ച സൗദി അറേബ്യൻ താരമാണ് അലി അൽ ബുലൈഹി.ലയണൽ മെസ്സി ആരാധകരിൽ വളരെയധികം രോഷം പടർത്തിയ ഒരു പ്രവർത്തിയായിരുന്നു അദ്ദേഹത്തിൽ നിന്നും ഉണ്ടായിരുന്നത്. ഏതായാലും ബുലൈഹി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത് അൽ ഹിലാലിലാണ്. ലയണൽ മെസ്സി അങ്ങോട്ട് വന്നാൽ ഇരുവരും സഹതാരങ്ങളാവുന്നത് നമുക്ക് കാണാൻ കഴിയും.ഇതേക്കുറിച്ച് തമാശക്ക് ബുലൈഹി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അത് ഇപ്രകാരമാണ്.

‘എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് എനിക്ക് യാതൊരുവിധ ധാരണയുമില്ല.പക്ഷേ മെസ്സി വരുന്നതിനെ ഞാൻ ഭയക്കുന്നു.അദ്ദേഹം വന്നു കഴിഞ്ഞാൽ ഈ അഞ്ചാം നമ്പറുകാരനെ എനിക്കിവിടെ വേണ്ട എന്ന് പറയില്ലെന്ന് ആര് കണ്ടു?മെസ്സി വരുമോ ഇല്ലയോ എന്നുള്ളത് എനിക്കറിയില്ല.പക്ഷേ മെസ്സി വന്നു കഴിഞ്ഞാൽ എന്നെ സംരക്ഷിക്കാൻ ദൈവം മാത്രമാണ് ഉണ്ടാവുക.മറ്റാർക്കും എന്നെ സംരക്ഷിക്കാൻ കഴിയില്ല.മെസ്സി വന്നു കഴിഞ്ഞാൽ രണ്ട് ദിവസത്തിന് എന്നെ ക്ലബ്ബിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല.മെസ്സി എന്നെ മറക്കാൻ വേണ്ടി ഞാൻ ദൂരെ നിന്നാണ് സാഹചര്യങ്ങൾ നിരീക്ഷിക്കുക ‘ഇതാണ് അൽ ബുലൈഹി പറഞ്ഞിട്ടുള്ളത്.

സൗദി അറേബ്യക്കെതിരെയുള്ള ആ മത്സരത്തിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാനാവാതെ പോയ മെസ്സി പിന്നീട് ഖത്തർ വേൾഡ് കപ്പിൽ ഉടനീളം അതിന് പ്രായശ്ചിത്തം ചെയ്യുന്നതാണ് നാം കണ്ടത്.അർജന്റീന ഓരോ മത്സരത്തിലും മുന്നിൽ നിന്ന് നയിച്ചിരുന്നത് മെസ്സിയായിരുന്നു.വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കിയ മെസ്സി ഗോൾഡൻ ബോൾ പുരസ്കാരവും നേടുകയായിരുന്നു.