മഷെരാനോക്ക് കീഴിൽ ആടിതിമിർക്കുന്ന അർജന്റീന, രണ്ടാം ജയത്തോടെ രണ്ടാം റൗണ്ടിൽ കടന്നു | Argentina | U 20 World Cup

അണ്ടർ 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ അര്ജന്റീന. ഇന്നലെ നടന്ന മത്സരത്തിൽ അര്ജന്റീന യുവനിര ഗ്വാട്ടിമാലയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് നേടിയത്. ജയത്തോടെ അർജന്റീന അണ്ടർ 20 ടീം അണ്ടർ 20 ലോകകപ്പിൽ റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടി.

ഹാവിയർ മഷെറാനോയുടെ ടീം ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനെതിരെ 2-1 ന് തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്നു. അർജന്റീനക്ക് രണ്ടാം വിജയത്തോടെ ഗ്രൂപ്പിൽ ആറ് പോയിന്റായി. ആദ്യ ഘട്ടങ്ങളിൽ ആധിപത്യം പുലർത്തിയ ഹാവിയർ മഷെറാനോയുടെ ടീം 17 മിനുട്ടിൽ അലജോ വെലിസിലൂടെ ലീഡ് നേടി.ഉജ്ജ്വല ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്. ഗോൾ നേടിയതിനു ശേഷം നിരവധി ഗോൾ അവസരങ്ങൾ അർജന്റീനക്ക് ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്വാട്ടിമാലയുടെ കാർലോസ് സാന്റോസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.പകരക്കാരനായി ഇറങ്ങിയ ലൂക്കാ റൊമേറോ രണ്ടാം പകുതിയുടെ മധ്യത്തിൽ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. 82 ആം മിനുട്ടിൽ അർജന്റീനയുടെ ഡിഫൻഡർ ടോമസ് അവൈൽസും ചുവപ്പ് കാർഡ് കണ്ട് പുറത്തായി, ഇതോടെ ഇരു ടീമുകളും പത്തു പേരായി ചുരുങ്ങി.

ഇഞ്ചുറി ടൈമിൽ മാക്സിമോ പെറോൺ അർജന്റീനയുടെ മൂന്നാമത്തെ ഗോൾ നേടി വിജയം പൂർത്തിയാക്കി.അർജന്റീന അണ്ടർ 20 ടീം രണ്ട് മത്സരങ്ങൾക്ക് ശേഷം രണ്ട് മത്സരങ്ങൾക്ക് ശേഷം ഗ്രൂപ്പ് എയിൽ ഒന്നാമതാണ്, കൂടാതെ റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടി. വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ് അവരുടെ അടുത്ത മത്സരം.