ലിസാൻഡ്രോ മാർട്ടിനസ്..എന്നോട് ക്ഷമിക്കണം: ലിവർപൂൾ ലെജൻഡ് കാരഗർ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അർജന്റൈൻ താരമായ ലിസാൻഡ്രോ മാർട്ടിനസ് അയാക്സ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ഇദ്ദേഹം.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റു സെന്റർ ബാക്കുമാരെ താരതമ്യം ചെയ്തു നോക്കുമ്പോൾ പൊതുവിൽ ലിസാൻഡ്രോക്ക് ഉയരക്കുറവുണ്ട്.ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും അദ്ദേഹത്തെ വിമർശിക്കുകയും വിലകുറച്ചു കാണുകയും ചെയ്തിരുന്നു.

എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള പ്രകടനമാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ലിസാൻഡ്രോ കാഴ്ച്ച വെച്ചിരുന്നത്.വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വിമർശകരുടെ വായടപ്പിക്കാൻ ഈ സൂപ്പർ താരത്തിന് സാധിച്ചിരുന്നു.27 മത്സരങ്ങൾ പ്രീമിയർ ലീഗിൽ ആകെ കളിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി മഗ്വയ്റുടെ സ്ഥാനം താരം കൈക്കലാക്കി എന്ന് വേണമെങ്കിൽ പറയാം.

തുടക്കത്തിൽ ലിസാൻഡ്രോയെ കൂടുതൽ വിമർശിച്ച വ്യക്തികളിൽ ഒരാളാണ് ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ.ഉയരക്കുറവ് മൂലം പ്രീമിയർ ലീഗിൽ തിളങ്ങാൻ ലിസാൻഡ്രോക്ക് സാധിക്കില്ല എന്നായിരുന്നു ഇദ്ദേഹം പ്രവചിച്ചിരുന്നത്. എന്നാൽ ലിസാൻഡ്രോ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ എല്ലാം യുണൈറ്റഡ് ആരാധകരിൽ നിന്നും ഇദ്ദേഹത്തിന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒടുവിൽ കാരഗർ ലിസാൻഡ്രോയോട് ഇപ്പോൾ ക്ഷമ ചോദിച്ചിട്ടുണ്ട്. ഇനിയെങ്കിലും യുണൈറ്റഡ് ആരാധകർ തന്നെ വെറുതെ വിടുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.കാരഗറുടെ വാക്കുകൾ ഇപ്രകാരമാണ്.

‘ഞാൻ യഥാർത്ഥത്തിൽ ലിസാൻഡ്രോയെ മാത്രം ഉദ്ദേശിച്ചല്ല പറഞ്ഞിട്ടുള്ളത്. ഉയരക്കുറവുള്ള ഒരു സെന്റർ ബാക്ക് പ്രീമിയർ ലീഗിലേക്ക് എത്തിക്കഴിഞ്ഞാൽ നമ്മളെല്ലാവരും ഇങ്ങനെ തന്നെയാണ് ചിന്തിക്കുക.എല്ലാ താരങ്ങൾക്കും ഓരോ ബലഹീനതകൾ ഉണ്ട്.മികച്ച താരങ്ങൾ അവരുടെ ബലഹീനതകൾ മറച്ചു പിടിക്കുന്നു.ആരും പെർഫക്റ്റ് താരങ്ങൾ അല്ല.ശാരീരികമായോ സാങ്കേതികമായോ നമുക്കെല്ലാവർക്കും ബലഹീനതകളുണ്ട്.എങ്ങനെയാണ് പ്രീമിയർ ലീഗിനെ അതിജീവിക്കാൻ ലിസാൻഡ്രോക്ക് സാധിക്കുക എന്നുള്ളത് ഞാൻ ആലോചിച്ചിരുന്നു.പക്ഷേ അദ്ദേഹം വളരെ മികവോടുകൂടിയാണ് ഇതുവരെ കളിച്ചത്.അദ്ദേഹം ഒരു പോരാളിയാണ്,ഒരു നായകനാണ്.ലിസാൻഡ്രോയും കാസമിറോയും വലിയ വ്യത്യസ്തതകൾ സൃഷ്ടിച്ചു.അതുകൊണ്ട് ഞാൻ ലിസാൻഡ്രോയോട് ക്ഷമ ചോദിക്കുന്നു.ഇനിയെങ്കിലും ഈ വിഷയത്തിൽ യുണൈറ്റഡ് ആരാധകർ എന്നെ വെറുതെ വിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ‘കാരഗർ പറഞ്ഞു.

ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്.പക്ഷേ ഇപ്പോഴും ചാമ്പ്യൻസ് ലീഗിൽ സ്ഥാനം ഉറപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടു മത്സരങ്ങളാണ് അവശേഷിക്കുന്നത്.അതേസമയം പരിക്കു മൂലം പുറത്തിരിക്കുന്ന ലിസാൻഡ്രോ ഇനി അടുത്ത സീസണിലാണ് തിരിച്ചെത്തുക.