❛ലയണൽ മെസ്സി ലോകകപ്പ് നേടിയതിൽ ഞാൻ വളരെ അധികം സന്തോഷവാനാണ്❜-നെയ്മർ

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ പോരാട്ടം. ഒരുഭാഗത്ത് തന്റെ കരിയറിലെ അവസാന ലോകകപ്പിൽ എങ്കിലും അത്രമേൽ ആഗ്രഹിച്ച കിരീടം നേടണമെന്ന് പ്രതീക്ഷയോടെ ലിയോ മെസ്സിയും, മറുഭാഗത്ത് തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ രണ്ടാമത്തെ വേൾഡ് കപ്പും നേടി മികച്ച ആരംഭം കുറിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് താരം എംബാപ്പേയും പോരടിച്ച ഫൈനൽ.

ഫൈനൽ മത്സരത്തിൽ ഹാട്രിക് ഗോളുകളുമായി മത്സരത്തിൽ തിരിച്ചുവരവ് നടത്തിയ കിലിയൻ എംബാപ്പെ ഫ്രാൻസ് ടീമിന് വേണ്ടി അവസാനം വരെ മികച്ച പ്രകടനം നടത്തിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ലോകകപ്പ് ഫൈനലിനു ഒടുവിൽ ലിയോ മെസ്സിയുടെ അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് വേൾഡ് കപ്പ് കിരീടം ഉയർത്തി.

ഖത്തറിലെ ഈ വേൾഡ് കപ്പ് ഫൈനലിനു മുമ്പായി ലിയോ മെസ്സിയോട് താൻ സംസാരിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ. ലിയോ മെസ്സിയുടെ ഉറ്റ സുഹൃത്തായ നെയ്മർ ജൂനിയർ ഫിഫ വേൾഡ് കപ്പ് കിരീടം എങ്ങനെയെങ്കിലും നേടണം എന്നാണ് ലിയോ മെസ്സിയോട് പറഞ്ഞതായി വെളിപ്പെടുത്തിയത്.

“ലോകകപ്പ് ഫൈനലിന് മുമ്പ് ഞാൻ ലിയോ മെസ്സിയോട് സംസാരിച്ചു: ‘എന്റെ ടീം ഫൈനലിൽ എത്തിയില്ല, പക്ഷേ നിങ്ങൾ ഫൈനലിൽ എത്തിയതിനാൽ എങ്ങനെയെങ്കിലും ലോകകപ്പ് നേടണം.’ ഞാൻ മെസ്സിയെ പിന്തുണയ്ക്കുന്നുവെന്ന് മെസ്സിയോട് പറഞ്ഞു, ഈ വേൾഡ് കപ്പ്‌ മെസ്സി ഒരു സുവർണ്ണ രീതിയിൽ അവസാനിപ്പിക്കേണ്ടതായിരുന്നു. അതിനാൽ തന്നെ മെസ്സി ലോകകപ്പ്‌ നേടിയതിനാൽ ഞാൻ വളരെ സന്തോഷവാനായിരുന്നു, ആ വിജയത്തിനു ശേഷം ഫുട്ബോൾ എന്നതും എനിക്ക് പൂർണമായ സന്തോഷം നൽകി.” – നെയ്മർ ജൂനിയർ പറഞ്ഞു.

ഫിഫ ലോകകപ്പ് കിരീട നേട്ടത്തോടെ തന്റെ കരിയറിലെ ഒരുവിധ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ കരിയറിനെ പൂർണമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര കിരീടങ്ങളും ക്ലബ്ബ് തലത്തിലെ കിരീടങ്ങളുമെല്ലാം നേടിയ ലിയോ മെസ്സി നിലവിൽ അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്