സ്വന്തം നാട്ടിൽ അർജന്റീനക്കുവേണ്ടി അവസാന മത്സരം കളിക്കാൻ ഒരുങ്ങി എയ്ഞ്ചൽ ഡിമരിയ | Angel Di Maria

അർജന്റീനയിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ ഡിമരിയ.പുതിയ തലമുറയിലെ അർജന്റീന ദേശീയ ടീമിനൊപ്പം കിരീടം നേട്ടങ്ങളിൽ ഡിമരിയ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല.

ലയണൽ മെസ്സി എന്ന എക്കാലത്തെയും മികച്ച ഇതിഹാസതാരത്തിന്റെ പിന്നിൽ നിൽക്കേണ്ട പേര്, അല്ലെങ്കിൽ കൂടെ നിർത്തേണ്ട പേര്. അതാണ് അർജന്റീനയുടെ മാലാഖ എന്നറിയപ്പെടുന്ന ഡിമരിയ. ഫൈനലുകളുടെ സ്പെഷ്യലിസ്റ്റ് എന്ന് വിളിപ്പേര് നൽകാവുന്ന ഇതിഹാസം അർജന്റീനക്കൊപ്പം ഫൈനൽ കളിച്ച മത്സരങ്ങളിൽ എല്ലാം കിരീടം നേടിയിട്ടുണ്ട്.

2021 കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ അവരുടെ തട്ടകമായ മരകാനയിൽ തോൽപ്പിച്ച് അർജന്റീനയുടെ കിരീട വരൾച്ചക്ക് വിരാമമിട്ടത് എയ്ഞ്ചൽ ഡി മരിയയുടെ എണ്ണം പറഞ്ഞ ഒരു ഗോളിനായിരുന്നു. പിന്നീട് 2022ൽ നടന്ന ‘ഫൈനലിസിമ’ (കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും) തമ്മിൽ പോരടിച്ച മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് അർജന്റീന വിജയിച്ചപ്പോൾ അതിലും സ്കോർ ഷീറ്റിൽ ഇടം നേടാനായി ഡിമരിയക്ക്.

ഖത്തറിൽ നടന്ന 2022 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ സ്ഥിരം കളിക്കുന്ന പൊസിഷനിൽ നിന്നും പരിശീലകൻ സ്കാലോണി ഒന്നു മാറ്റി പരീക്ഷിച്ചു, മത്സരത്തിന്റെ 36 മിനിറ്റിൽ മാക്ക് അലിസ്റ്ററിന്റെ മനോഹരമായ പന്തിൽ ഫ്രാൻസിന്റെ വലകുലുക്കി അർജന്റീനയുടെ ലീഡ് ഉയർത്തിയതും ഡിമരിയയായിരുന്നു, ഏകപക്ഷീയമായി അർജന്റീന ലോകകിരീടം നേടും എന്നുറപ്പിച്ചിരിക്കെ ഡിമരിയയെ കളിയുടെ അറുപത്തിനാലാം മിനിറ്റിൽ സബ് ചെയ്തപ്പോൾ കളി മാറിമറിഞ്ഞു. അതുവരെ അർജന്റീനയുടെ കയ്യിൽ ഭദ്രമായിരുന്ന മത്സരം രണ്ടു ഗോളുകളും മടക്കിയടിച്ച് ഫ്രാൻസ് അവരുടെ വരുതിയിലാക്കി. നിശ്ചിത സമയത്തിന്റെ അവസാന 20 മിനിറ്റുകളിൽ ഡിമരിയയുടെ അസാന്നിധ്യത്തോടെ അദ്ദേഹത്തിന്റെ വില അർജന്റീന ശരിക്കും മനസ്സിലാക്കി.

2024 കോപ്പ അമേരിക്ക ദേശീയ ടീമിന് വേണ്ടിയുള്ള അവസാന ടൂർണമെന്റായിരിക്കുമെന്ന് ഡിമരിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു, അതിനുമുൻപ് സ്വന്തം നാട്ടിലെ അവസാന മത്സരമാണ് അർജന്റീന കളിക്കാൻ പോകുന്നത്. ഉറുഗ്വക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ഡിമരിയയുടെ അർജന്റീനയിലെ അവസാന മത്സരം. ബ്രസീലിനെതിരെയായിരിക്കും ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ അവസാന ഒഫീഷ്യൽ മത്സരം. അടുത്ത കോപ്പ അമേരിക്ക കൂടി നേടി ഗംഭീര വിടവാങ്ങൽ തന്നെയായിരിക്കട്ടെ അർജന്റീനയുടെ മാലാഖക്ക് എന്ന് നമ്മൾക്ക് പ്രത്യാശിക്കാം.