വാൻഗാലിന്റെ വിവാദ പ്രസ്താവന തള്ളി നെതർലാൻഡ്സ് ക്യാപ്റ്റൻ വാൻ ഡെയ്ക്

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിക്ക് ഫിഫ വേൾഡ് കപ്പ് നൽകുന്നതിന് ഭാഗമായാണ് ഖത്തറിൽ വച്ച് ഫിഫ ലോകകപ്പ് നടന്നതെന്ന് നെതർലാൻഡ്സ് പരിശീലകന്റെ അഭിപ്രായം ഫുട്ബോൾ ലോകത്തെ ശ്രദ്ധ നേടുകയാണ്. നിരവധിപേർ വാൻ ഗാലിന്റെ അഭിപ്രായത്തിനെ പിന്തുണച്ചും എതിർത്തും രംഗത്തുവരുന്നുണ്ട്. ഖത്തറിലെ വേൾഡ് കപ്പിന് ശേഷം ദേശീയ ടീമിൽ നിന്നും വാൻഗാൽ പുറത്തായിരുന്നു.

ഖത്തറിലെ ഫിഫ വേൾഡ് കപ്പിൽ അർജന്റീന ടീം ഗോളുകൾ നേടിയത് എങ്ങനെയാണെന്നും അർജന്റീന ടീമിന് അനുകൂലമായി റഫറി പല സാഹചര്യങ്ങളിലും പെരുമാറിയെന്നുമാണ് വാൻഗാൽ പറഞ്ഞത്. എന്നാൽ മുൻ നെതർലാൻഡ്സ് പരിശീലകന്റെ അഭിപ്രായത്തിന് എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നെതർലാൻഡ്സ് ദേശീയ ടീമിന്റെ നായകനായ വിർജിൽ വാൻ ഡി ജിക്. ലിയോ മെസ്സിയെ കുറിച്ചുള്ള വാൻഗാലിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നാണ് ലിവർപൂൾ താരം കൂടിയായ വാൻ ഡി ജിക് പറഞ്ഞത്.

“ലിയോ മെസ്സിയെ കുറിച്ചുള്ള വാൻ ഗാലിന്റെ വാക്കുകളെ കുറിച്ചാണോ നിങ്ങൾ ചോദിക്കുന്നത്? അത് വാൻ ഗാലിന്റെ അഭിപ്രായം മാത്രമാണ്. ഞാൻ അതിനോട് യോജിക്കുന്നില്ല, അതുപോലെയുള്ള അഭിപ്രായമല്ല എനിക്ക് പറയാനുള്ളത്. ഞാനും എന്റെ ടീമും വാൻ ഗാലിന്റെ അഭിപ്രായത്തിനെ പിന്തുണക്കുന്നില്ല. ” – വാൻ ഡി ജിക് പറഞ്ഞു.

അതേസമയം നെതർലാൻഡ്സ് vs അർജന്റീന മത്സരത്തിൽ നിരവധി സന്ദർഭങ്ങളിൽ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നെതർലാൻഡ്സ് താരങ്ങളും കോച്ചിംഗ് സ്റ്റാഫുകളുമെല്ലാം രംഗത്ത് വന്നിരുന്നു. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് മുന്നേറിയ അർജന്റീന ഒടുവിൽ സെമിയും കടന്ന് ഫൈനലിൽ ഫ്രാൻസിനെയും തോൽപ്പിച്ച് ലോകകപ്പ് ജേതാക്കളായി.