ഈ വർഷം ബാലൻഡിയോർ ആര് നേടും എന്നതിൽ അഭിപ്രായം പറഞ്ഞ് എംബാപ്പെ,ഗ്രീസ്മാൻ എന്നിവർ

2022 – 2023 സീസണിലെ ബാലൻ ഡി ഓർ അവാർഡ് ആരും നേടുമെന്ന് ചോദ്യത്തിന് ഉത്തരവും കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലിയോ മെസ്സിയും, ഏർലിംഗ് ഹാലൻഡും കിലിയൻ എംബാപ്പേയും ഉൾപ്പെടെ താരസമ്പന്നമായ സൂപ്പർതാരങ്ങളുടെ നിരയാണ് ബാലൻ ഡി ഓർ അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

കരുത്തരായ ഫ്രാൻസിനെ പരാജയപ്പെടുത്തി ഖത്തറിലെ വിശ്വകിരീടം നേടിയ ലിയോ മെസ്സി ലോകകപ്പിന്റെ ബലത്തിൽ ബാലൻഡിയോർ അവാർഡ് നേടാൻ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്ന താരമാണ്. കരിയറിൽ 7 തവണ ബാലൻസ് ഡി ഓർ അവാർഡ് വിജയിച്ചിട്ടുള്ള ലിയോ മെസ്സിക്ക് ഒരുപക്ഷേ തന്റെ കരിയറിലെ അവസാനത്തെ ബാലൻഡിയോർ അവാർഡ് നേടാനുള്ള അവസരമാണ് ഇത്തവണയുള്ളത്.

ഇത്തവണത്തെ ബാലൻ ഡി ഓർ അവാർഡ് ആര് നേടുമെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഫിഫ വേൾഡ് കപ്പിലെ ഫൈനലിസ്റ്റുകളായ ഫ്രാൻസ് ദേശീയ ടീമിലെ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പയും അന്റോണിയോ ഗ്രീസ്മാനും. ലിയോ മെസ്സി ഇത്തവണ നേടാൻ അർഹനാണ് എന്നാണ് എംബാപ്പേ പറഞ്ഞത്.

“ലോകകപ്പിലെ ഏറ്റവും മികച്ച താരം ലിയോ മെസ്സിയായിരുന്നു, ഈ വർഷത്തെ ബാലൻഡിയോർ അവാർഡ് നേടാൻ ലിയോ മെസ്സി അർഹനാണ്.” – പി എസ് ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പേ ഈ സീസണിലെ ബാലൻ ഡി ഓർ അവാർഡ് മെസ്സി നേടുന്നതിനെക്കുറിച്ച് പറഞ്ഞു.

അതേസമയം ഇത്തവണ ബാലൻഡിയോർ നേടാൻ അർഹൻ ലിയോ മെസ്സി അല്ലെങ്കിൽ എംബാപ്പെ ആയിരിക്കുമെന്ന് ഗ്രീസ്മാൻ പറഞ്ഞു. പക്ഷേ ബാലൻഡിയോർ അവാർഡിന്റെ നോമിനേറ്റുകളിൽ താൻ ഉൾപ്പെട്ടതിനാൽ ബാലൻഡിയോർ താൻ നേടണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും ഗ്രീസ്മാൻ കൂട്ടിച്ചേർത്തു.

“മെസ്സിയാണോ ഹാലൻഡാണോ ബാലൻഡിയോർ നേടുക എന്നാണോ നിങ്ങൾ ചോദിക്കുന്നത്? എന്റെ ഉത്തരം ഞാനാണ് എന്നാണ്. ഞാനും ബാലൻ ഡി ഓർ അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾ മറന്നു പോയി. ഞാനല്ലെങ്കിൽ പിന്നെ മെസ്സി അല്ലെങ്കിൽ എംബാപ്പയാണ് നേടുക. എർലിംഗ് ഹാലന്റിന് വളരെ മികച്ച ഒരു സീസൺ ആണ് ഉണ്ടായത്, പക്ഷേ ഇത് വേൾഡ് കപ്പിന്റെ സീസണാണ്.” – ഗ്രീസ്മാൻ പറഞ്ഞു.