ഉറുഗ്വെ,ബ്രസീൽ എന്നിവരെ നേരിടാൻ ഒരുങ്ങുന്ന അർജന്റീന, ആദ്യദിന പരിശീലനം നടത്തി ടീം

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീന ടീം വീണ്ടും ഒരുമിക്കുകയാണ്, ഒട്ടുമിക്ക താരങ്ങളും ലയണൽ മെസ്സിയും പരിശീലകൻ ലയണൽ സ്കലോണിയും ടീമിനൊപ്പം ചേർന്നതോടെ തിങ്കളാഴ്ച പരിശീലനം നടത്തി.

ആദ്യമായി അർജന്റീന ജേഴ്സിയണിയാൻ കളിക്കാനവസരം ലഭിച്ച പാബ്ലോ മഫിയോയും ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചു. ലയണൽ മെസ്സി, കുട്ടി റൊമേറൊ, പരെഡെസ്, ഡി പോൾ, ഡിബാല എന്നിവരടക്കം 19 താരങ്ങളാണ് ആദ്യ സെഷനിൽ ട്രെയിനിങ്ങിന് ടീമിനൊപ്പമെത്തിയത്.

നിലവിൽ 2026 ലോകകപ്പ് ലാറ്റിൻ അമേരിക്ക യോഗ്യതാ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. നാലിൽ നാലു മത്സരങ്ങളും ജയിച്ച് 12 പോയിന്റാണ് അർജന്റീനക്കുള്ളത്, രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വാക്ക് നാലു മത്സരങ്ങളിൽ ഏഴ് പോയിന്റുമാണുള്ളത്. ഉറുഗ്വയോട് തോറ്റാൽ പോലും അർജന്റീനക്ക് ഒന്നാം സ്ഥാനം നഷ്ടമാവുകയുമില്ല.ഒരു ഇടവേളയ്ക്കുശേഷം ലൂയിസ് സുവാരസിനെ ഉറുഗ്വേ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിലായിരുന്നു ഉറുഗ്വേയ്ക്കുവേണ്ടി സുവാരസ് അവസാനമായി ജേഴ്സിയണിഞ്ഞത്.

ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.30 നാണ് ഉറുഗ്വാക്കെതിരെയുള്ള അർജന്റീനയുടെ ആദ്യ മത്സരം, ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീലിനെതിരെയുള്ള മത്സരം അടുത്ത ബുധനാഴ്ച പുലർച്ചെ 6.30 നാണ്. മറക്കാനയിൽ വച്ചാണ് ബ്രസീൽ-അർജന്റീന പോരാട്ടം.