ബ്രസീലിനെതിരെ ഇറങ്ങുമ്പോൾ രണ്ടു സൂപ്പർ താരങ്ങൾക്ക് സസ്പെൻഷനുള്ള സാധ്യത

2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിൽ കിരീടം നിലനിർത്തണമെന്ന ആഗ്രഹവുമായി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മുന്നേറുകയാണ് നിലവിലെ ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന. ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നാലിൽ നാലും വിജയിച്ച അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്താണ് കുതിക്കുന്നത്.

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകളെയാണ് അർജന്റീന നേരിടുന്നത്. നവംബർ 17 നടക്കുന്ന ആദ്യ മത്സരത്തിൽ ഹോം സ്റ്റേഡിയത്തിൽ വച്ച് അർജന്റീന VS ഉറുഗ്വേയെ നേരിടും. നവംബർ 22 നടക്കുന്ന രണ്ടാമത്തെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലാണ് അർജന്റീനയുടെ എതിരാളികൾ.

ഈ മാസത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീം ക്യാമ്പിലേക്ക് സൂപ്പർ യുവതാരം ഗർനാചോയെ ഉൾപ്പെടുത്താതതിന്റെ കാരണം വിശദീകരിച്ചിരിക്കുകയാണ് പരിശീലകനായ സ്കലോണി. ഫോമില്ലാത്തത് കാരണമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെ ടീമിൽ ഉൾപ്പെടുത്താത്തത് എന്നാണ് പരിശീലകന്റെ വിശദീകരണം. സൂപ്പർ യുവതാരം അർജന്റീനയുടെ ഭാവി പ്ലാനുകളിൽ ഉണ്ടെന്നും സ്കലോണി കൂട്ടിച്ചേർത്തു.

അതേസമയം അര്‍ജന്റീനയുടെ രണ്ട് താരങ്ങൾ സസ്പെൻഷൻ ലഭിക്കുന്നതിന്റെ വക്കിലാണ്. നേരത്തെ നടന്നിരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ യെല്ലോ കാർഡ് ലഭിച്ച പരേഡസ്, എൻസോ ഫെർണാണ്ടസ് എന്നിവർക്ക് അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണെങ്കിൽ ബ്രസീലിനെതിരായ മത്സരം നഷ്ടമാകും. അപരാജിതരായി ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ശക്തി കാണിക്കാനാണ് അർജന്റീനയുടെ ലക്ഷ്യം. അർജന്റീനയുടെ വിജയ കുതിപ്പിന് തടയിടാനാണ് ഉറുഗ്വ, ബ്രസീൽ എന്നിവർ ബൂട്ടണിയുന്നത്.