ബാഴ്സലോണക്ക് മുന്നിൽ ഡെഡ് ലൈൻ വെച്ച് ലയണൽ മെസ്സി,ഒപ്പം മറ്റൊരു ഉപാധിയും!

സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ച് നിർണായ തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ്.പിഎസ്ജിയോടൊപ്പം ഒരു മത്സരം കൂടിയാണ് മെസ്സിക്ക് അവശേഷിക്കുന്നത്.അതിനുശേഷം അദ്ദേഹം ഫ്രഞ്ച് തലസ്ഥാനത്തോട് വിട പറയും.പുതിയ ലക്ഷ്യസ്ഥാനം ഏതാണെന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല.

ലയണൽ മെസ്സിയുടെ ആഗ്രഹം എന്നത് തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുക എന്നുള്ളത് തന്നെയാണ്.മെസ്സിയുടെ ആ ആഗ്രഹത്തിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ക്യാമ്പിൽ നിന്നും പുറത്തേക്ക് വരുന്ന വാർത്തകൾ.പക്ഷേ സ്ഥിതിഗതികൾ അനുകൂലമാക്കാൻ ഇതുവരെ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല.ബാഴ്സയുടെ വിയബിലിറ്റി പ്ലാനിന് ഇതുവരെ ലാലിഗ അനുമതി നൽകിയിട്ടില്ല.ലാലിഗയുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ബാഴ്സ.

എന്നാൽ ലയണൽ മെസ്സി എഫ്സി ബാഴ്സലോണക്ക് മുന്നിൽ ഒരു ഡെഡ് ലൈൻ വെച്ച് കഴിഞ്ഞു എന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാറ്റിയോ മൊറേറ്റോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് മെസ്സി അധികം കാത്തിരിക്കില്ല.10 ദിവസം വരെയാണ് ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ ക്യാമ്പും കാത്തിരിക്കുക.10 ദിവസത്തിനകം ഈ വിഷയം പരിഹരിക്കണമെന്നാണ് ലയണൽ മെസ്സി എഫ് സി ബാഴ്സലോണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മെസ്സിയെ തിരികെ എത്തിക്കണോ വേണ്ടയോ എന്നുള്ളത് പൂർണമായും എഫ്സി ബാഴ്സലോണയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.ബാഴ്സ ഒരു ഫോർമൽ ഓഫർ നൽകി കഴിഞ്ഞാൽ അത് സ്വീകരിക്കാൻ ലയണൽ മെസ്സി തയ്യാറാണ്.10 ദിവസത്തിനകം ഒരു ഓഫർ നൽകണം എന്നാണ് ലയണൽ മെസ്സിയുടെ അപേക്ഷ.മാത്രമല്ല മറ്റൊരു ഉപാധി കൂടി മെസ്സി പങ്കുവെച്ചിട്ടുണ്ട്.പത്താം നമ്പർ ജേഴ്സി തനിക്ക് തിരിച്ച് നൽകണമെന്നാണ് മെസ്സിയുടെ അപേക്ഷ.ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കില്ല.

എഫ്സി ബാഴ്സലോണയുടെ പത്താം നമ്പർ അനശ്വര്യമാക്കിയ വ്യക്തിയാണ് ലയണൽ മെസ്സി.അൻസു ഫാറ്റിയാണ് നിലവിൽ ഈ ജേഴ്സി ധരിക്കുന്നതെങ്കിലും മെസ്സി തിരിച്ചെത്തിയാൽ അത് മെസ്സിക്ക് തന്നെ ലഭിക്കുമെന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പക്ഷേ ലാലിഗയുടെ അനുമതിക്ക് വേണ്ടിയാണ് ബാഴ്സ ഇപ്പോൾ കാത്തിരിക്കുന്നത്.അനുമതി ലഭിച്ചു കഴിഞ്ഞാൽ ബാഴ്സ കാര്യങ്ങൾ വേഗത്തിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.പക്ഷേ മെസ്സിയെ ആശ്രയിച്ചാണ് ഭാവി നിലകൊള്ളുന്നത് എന്ന ബാഴ്സ അധികൃതരുടെ പ്രസ്താവന ലയണൽ മെസ്സിയുടെ ക്യാമ്പിൽ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കിയതായി ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട് ചെയ്തിരുന്നു.