മിനി ബാഴ്സലോണയായി മിയാമി, മെസ്സിക്കൊപ്പം കളിക്കാൻ സുവാരസും ആൽബയും വരുന്നു..

അൽപ്പം വർഷങ്ങൾക്ക് മുൻപ് ലാലിഗയിലും ലോകഫുട്ബോളിലും തങ്ങളുടേതായ ഒരു കാലൊപ്പ് പതിപ്പിച്ച എഫ്സി ബാഴ്സലോണയുടെ ഓൾഡ് ടീമിലെ ഓരോരുത്തരും ഇപ്പോൾ പല ടീമുകളിലായാണ് കളിക്കുന്നത്. പുതിയ യുവ താരങ്ങൾ വളർന്നു വന്നതോടെ പഴയ താരങ്ങളെല്ലാം ബാഴ്സലോണ ടീം വിട്ടു.

ഏറ്റവും പ്രധാന താരമായിരുന്ന ലിയോ മെസ്സി ഇന്ന് യൂറോപ്പിൽ പോലുമില്ല, താരം മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബിന് വേണ്ടി കളിക്കാനൊരുങ്ങുകയാണ്. എന്നാൽ ലിയോ മെസ്സിയുടെ ഇന്റർ മിയാമി സൈനിങ്ങിനൊപ്പം തന്നെ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ഇന്റർ മിയാമി ബാഴ്സലോണയുടെ ആ പഴയ താരങ്ങളെ ഒരുമിപ്പിക്കുകയാണ്. കൂടാതെ 2013-2014 കാലഘട്ടത്തിൽ ബാഴ്സലോണ പരിശീലകനായ ടാറ്റാ മാർട്ടിനോയെയാണ് ഇന്റർ മിയാമി പുതിയ പരിശീലകനായി നിയമിച്ചത്.

സ്പാനിഷ് താരമായ സെർജിയോ ബുസ്കറ്റ്സിനെ ലിയോ മെസ്സിയോടൊപ്പം സൈൻ ചെയ്ത ഇന്റർ മിയാമി മറ്റൊരു സ്പാനിഷ് താരമായ ജോർഡി ആൽബയെ കൂടി സൈൻ ചെയ്യാനൊരുങ്ങുകയാണ്. ഇന്റർ മിയാമി ക്ലബ്ബിലേക്ക് വരുന്നത് സംബന്ധിച്ച് താരവുമായി ക്ലബ്ബ് ധാരണയിലെത്തിയിട്ടുണ്ട്. അവസാനഘട്ട കാര്യങ്ങൾക്ക് ശേഷം ജോർഡി ആൽബയും ഇന്റർ മിയാമി താരമായി മാറും.

ഇവരെ കൂടാതെ ലിയോ മെസ്സിയുടെ സുഹൃത്തായ ലൂയിസ് സുവാരസ്‌ കൂടി ഇന്റർ മിയാമിയിൽ ജോയിൻ ചെയ്തേക്കുമെന്നാണ് അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകർ പറയുന്നത്. ഇന്റർ മിയാമി ക്ലബ്ബും ലൂയിസ് സുവാരസും ഇത് സംബന്ധിച്ചു ചർച്ചകൾ നടന്നിട്ടുണ്ടെന്നും ഈയൊരു ട്രാൻസ്ഫർ ഡീൽ പൂർത്തിയാകാൻ സാധ്യതകൾ ഏറെയാണെന്നുമാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ഇന്റർ മിയാമിയിൽ നമുക്ക് മുൻ ബാഴ്സലോണ ടീമിലെ ചില താരങ്ങൾ ഒരുമിച്ചു കളിക്കുന്നത് കാണാനാവും.