ഇവിടെ വന്നതിന് ഒരു ലക്ഷ്യം മാത്രമേയുള്ളൂ, ലീഗിന്റെ നിലവാരം തീരുമാനിക്കുന്നത് ഞാനല്ലെന്ന് ലിയോ മെസ്സി |Lionel Messi

മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്കുള്ള ലിയോ മെസ്സിയുടെ വരവ് ലോകമെമ്പാടുമുള്ള നിരവധി പേരാണ് കണ്ടത്. അമേരിക്കൻ ക്ലബ്ബിനായി ഒഫീഷ്യലി സൈൻ ചെയ്ത ലിയോ മെസ്സിയും സെർജിയോ ബുസ്കറ്റ്സും ഇന്റർ മിയാമി ടീമിനോടൊപ്പമുള്ള പരിശീലനവും ക്ലബ്ബിന്റെ പരിശീലന മൈതാനിയിൽ തുടങ്ങി.

ഇതിനിടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ലിയോ മെസ്സി ഇന്റർ മിയാമിയോടൊപ്പമുള്ള തന്റെ ഏക ലക്ഷ്യം ടീമിനെ സഹായിക്കുക മാത്രമാണ് എന്ന് വെളിപ്പെടുത്തി. ലിയോ മെസ്സി ഇന്റർ മിയാമിയിൽ ജോയിൻ ചെയ്തത് എംഎൽഎസ് ലീഗിന്റെ റാങ്കിങ്ങിനെ ഉയർത്തുമോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിനായിരുന്നു ലിയോ മെസ്സിയുടെ മറുപടി.

“അത് തീരുമാനിക്കേണ്ടത് ഞാനല്ല, മറ്റുള്ള താരങ്ങളെ പോലെ ഫുട്ബോൾ കളിക്കാനും ഇവിടെ മത്സരിക്കാനും എത്തിയ ഒരു താരം മാത്രമാണ് ഞാൻ. എന്റെ ടീമിനെ സഹായിക്കുക എന്നത് മാത്രമാണ് പ്രതീക്ഷയും ലക്ഷ്യവും.” – ഇന്റർ മിയാമി താരമായ ലിയോ മെസ്സി ഉത്തരം നൽകി.

മുൻ ബാഴ്സലോണ താരങ്ങളായ ലിയോ മെസ്സി, സെർജിയോ ബുസ്കറ്റ്സ് എന്നിവർക്ക് പിന്നാലെ മറ്റൊരു ബാഴ്സലോണ താരമായ സ്പാനിഷ് താരം ജോർഡി ആൽബ കൂടി ഇന്റർ മിയാമിയിൽ സൈൻ ചെയ്യാനൊരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം മുൻ ബാഴ്സലോണ താരമായ ലൂയിസ് സുവാരസ്‌ ഇന്റർ മിയാമിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

നിലവിൽ പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഇന്റർ മിയാമി ടീമിനെ ലീഗിൽ മികച്ച സ്ഥാനങ്ങളിലേക്ക് എത്തിക്കുക എന്ന വലിയ കടമ്പയാണ് ലിയോ മെസ്സിക്കും കൂട്ടർക്കും മുന്നിലുള്ളത്. ലിയോ മെസ്സിയുടെ സൈനിങ്ങിന് പിന്നാലെ മുൻ ബാഴ്സലോണ, അർജന്റീന പരിശീലകനായിരുന്ന ടാറ്റാ മാർട്ടിനോയെ ഇന്റർ മിയാമി മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു.