മെസ്സി പറഞ്ഞു, ഞാൻ ചെയ്തു; മിയാമിയിലെ മെസ്സി തരംഗത്തെ പറ്റി മനസ്സ് തുറന്ന് സഹതാരം |Lionel Messi

കളിക്കളത്തിൽ തന്റെ സഹതാരങ്ങൾക്ക് മാനസികമായ ഊർജം നൽകുന്നതിൽ പ്രശ്സ്തനാണ് ലയണൽ മെസ്സി. സഹതാരങ്ങൾ ഗോളുകൾ നേടാതെ വിഷമിക്കുമ്പോൾ തന്റെ ഹാട്രിക് നേട്ടം പോലും വേണ്ടെന്ന് വെച്ച്‌ മെസ്സി സഹതാരങ്ങൾക്ക് പെനാൽറ്റി നൽകുന്നത് നമ്മൾ പലപ്പോഴും കണ്ടതാണ്. ഇപ്പോഴിതാ ഇന്റർമിയാമിയിലും തന്റെ സഹതാരങ്ങളുടെ മനസ്സ് കീഴടക്കുകയാണ് മെസ്സി.

ഇന്റർമിയാമി ടീമിലെ കൗമാര താരം ഡേവിഡ് റുയിസാണ് ഇപ്പോൾ മെസ്സിയുടെ സഹായത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച്‌ തുടങ്ങുന്നത്. കേവലം 19 വയസ്സ് മാത്രം പ്രായമുള്ള ഈ ഹോണ്ടുറാസ് താരം 3 മാസങ്ങൾക്ക് മുമ്പാണ് ഇന്റർമിയാമിയുടെ ബി ടീമിൽ നിന്നും സീനിയർ ടീമിലേക്ക് എത്തിയത്. ലീഗ് കപ്പ് സെമി ഫൈനലിൽ ഫിലാഡൽഫിയയ്ക്കെതിരെ ഇന്റർ മിയാമി 4-1 വിജയിച്ചപ്പോൾ മിയാമിയുടെ നാലാം ഗോൾ നേടിയത് ഡേവിഡ് റുയിസാണ്.

മത്സരത്തിൽ 74 ആം മിനുട്ടിൽ കളത്തിലിറങ്ങിയ റൂയിസ് 84 ആം മിനുട്ടിലാണ് ഗോൾ നേടിയത്. എന്നാൽ ഈ ഗോൾ നേടാൻ മെസ്സി തനിക്ക് നൽകിയ ഉപദേശമാണ് ഈ 19 കാരൻ പങ്ക് വെച്ചിരിക്കുന്നത്. കളത്തിലിറങ്ങിയപ്പോൾ മെസ്സി തന്നോട് പന്തിനായി ഒരുപ്പാട് ഓടരുതെന്നും പന്ത് നിന്റെ അടുത്തേക്ക് വരുമെന്നും ആ സമയം മാത്രം കൂടുതൽ കരുത്തോടെ മുന്നേറണമെന്നുമാണ് മെസ്സി തനിക്ക് നൽകിയ ഉപദേശമെന്ന് റൂയിസ് പറയുന്നു. മെസ്സി പറഞ്ഞത് പോലെ പന്തിനായി കൂടുതൽ ഓടാതെ പന്ത് കിട്ടിയപ്പോൾ മാത്രം മുന്നേറിയപ്പോഴാണ് തനിക്ക് ഇന്റർ മിയാമി ജേഴ്സിയിലേക്ക് ആദ്യ ഗോൾ നേടാനായതെന്നും റുയിസ് പറയുന്നു.

മിയാമി ലീഗ് കിരീടം ഉയർത്തുമ്പോൾ, ഫൈനൽ മത്സരത്തിലും റൂയിസ് കളത്തിലിറങ്ങിയിരുന്നു. റെഗുലർ ടൈമിന്റെ അവസാന പത്ത് മിനുട്ടാണ് റൂയിസ് ഇറങ്ങിയത്. മത്സരം ഷൂട്ട്‌ഔട്ടിലേക്ക് കടന്നപ്പോൾ നിർണായകമായ ഷൂട്ട്‌ഔട്ടിൽ കിക്ക് ചെയ്യാനും അവസരവും ഈ 19 കാരന് ലഭിച്ചു. തന്റെ അവസരം കൃത്യമായി റൂയിസ് വലയിലെത്തിക്കുകയും ചെയ്തു. ഇത്തരത്തിൽ മിയാമിയിൽ തനിക്ക് ഏറെ ഉത്തരാവാദിത്വമുള്ള കാര്യങ്ങൾ പോലും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് മെസ്സി നൽകുന്ന ഊർജമാണെന്നും ഈ 19 കാരൻ പറയുന്നു.

Comments (0)
Add Comment