റാമോസിനെയും നവാസിനെയും തഴഞ്ഞ് മെസിക്കൊപ്പമുള്ള ചിത്രം മാത്രം പങ്കു വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്നവരെ പിഎസ്‌ജിയും റിയാദ് ഇലവനും തമ്മിലുള്ള മത്സരം ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടു താരങ്ങളും ഗോൾ കണ്ടെത്തിയ മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോളുകൾ നേടി സൗദിയിലെ തന്റെ തുടക്കം ഗംഭീരമാക്കി. നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ച മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് റൊണാൾഡോ ആയിരുന്നു.

മത്സരത്തിന് ശേഷം സൗദിയിലെ തന്റെ അരങ്ങേറ്റത്തെക്കുറിച്ച് റൊണാൾഡോ ട്വിറ്ററിൽ സന്ദേശം കുറിക്കുകയുണ്ടായി. വീണ്ടും കളിക്കളത്തിൽ ഇറങ്ങാൻ കഴിഞ്ഞതിലും ഗോളുകൾ നേടാൻ കഴിഞ്ഞതിലും വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞ റൊണാൾഡോ തന്റെ പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിഞ്ഞതും സന്തോഷം നൽകുന്ന കാര്യമാണെന്നും കൂട്ടിച്ചേർത്തു. അതിനൊപ്പം മത്സരത്തിനിടയിലെ ഏതാനും ചിത്രങ്ങളും താരം കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ആശ്ചര്യപ്പെടുത്തുന്ന കാര്യം പഴയ സുഹൃത്തുക്കളെ കണ്ടതിലുള്ള സന്തോഷം പങ്കു വെച്ച റൊണാൾഡോ അതിനൊപ്പം ഷെയർ ചെയ്‌ത ചിത്രങ്ങളിൽ മുൻ സഹതാരങ്ങളായ കെയ്‌ലർ നവാസ്, സെർജിയോ റാമോസ് എന്നിവർക്കൊപ്പമുള്ള ഒരു ഫോട്ടോ പോലുമില്ലെന്നതാണ്. എന്നാൽ ലയണൽ മെസിയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന ചിത്രം മത്സരത്തിലെ മറ്റു ചില ഫോട്ടോകൾക്കൊപ്പം റൊണാൾഡോ ഷെയർ ചെയ്‌തിട്ടുമുണ്ട്‌.

മത്സരത്തിൽ ആദ്യഗോൾ മെസിയാണ് നേടിയത്. അതിനു പിന്നാലെ ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ റൊണാൾഡോ നേടി. രണ്ടാം പകുതിയാരംഭിച്ച് ഏതാനും സമയം പിന്നിട്ടപ്പോൾ തന്നെ ഈ രണ്ടു താരങ്ങളെയും പരിശീലകർ പിൻവലിക്കുകയും ചെയ്‌തു. റൊണാൾഡോയെ സംബന്ധിച്ച് സൗദിയിലെ പുതിയ കരിയറിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് ഈ പ്രകടനം. 22നാണു സൗദി പ്രൊ ലീഗിൽ താരം അരങ്ങേറ്റം കുറിക്കുന്നത്.