കളി മെനയാൻ ടെവസ്; പരിശീലക വേഷത്തിൽ തിളങ്ങാൻ അർജന്റീനൻ ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് തുടങ്ങിയ യൂറോപ്പിലെ വമ്പന്മാർക്ക് വേണ്ടി ബൂട്ട് കെട്ടിയ ടെവസ് കഴിഞ്ഞ വർഷമാണ് കളി മതിയാക്കിയത് കളി മതിയാക്കിയ ടെവസ് അതേ വർഷം അർജന്റീനൻ ക്ലബ്‌ റോസാരിയോ സെൻട്രലിന്റെ പരിശീലകനായി തന്റെ പരിശീലക കളരിക്കും തുടക്കം കുറിച്ചു.

എന്നാൽ റോസാരിയോയിൽ ടെവസിന് അത്ര നല്ല കാലമല്ലായിരുന്നു. കേവലം അഞ്ച് മാസം ടീമിനെ പരിശീലിപ്പിച്ച ടെവസ് റോസരിയോ വിടുകയായിരുന്നു. പിന്നീട് നീണ്ട മാസം പരിശീലക റോളിൽ നിന്ന് വിട്ട് നിന്ന ടെവസ് വീണ്ടും പരിശീലകനായി തിരിച്ചെത്തിയിരിക്കുകയാണ്.

അർജന്റീനൻ ക്ലബ്‌ ഇൻഡിപെണ്ടന്റിനെയാണ് ടെവസ് കളി പഠിപ്പിക്കുക. പരിശീലക കളരിയിൽ തിളങ്ങാനായാൽ ഭാവിയിൽ അർജന്റീന ദേശീയ ടീമിന്റെ വരെ പരിശീലകനാവാൻ ടെവസിന് സാധിച്ചേക്കും. പരിശീലകനായുള്ള ടെവസിന്റെ മടങ്ങി വരവ് ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.അർജന്റീനയ്ക്ക് വേണ്ടി നീണ്ട 11 വർഷം ജേഴ്സിയണിഞ്ഞ ടെവസ് ദേശീയ ടീമിനായി 76 മത്സരങ്ങളിൽ നിന്ന് 13 തവണ വല കുലുക്കിയിട്ടുണ്ട്.