പണമല്ല, ഫുട്ബോളാണ് വലുത്; മെസ്സി തുടക്കം കുറിച്ച് വിപ്ലവം ഏറ്റെടുത്ത് സഹതാരങ്ങൾ

പണത്തിന് പ്രാധാന്യം നൽകി പലരും യൂറോപ്പ് വിട്ട് സൗദിയിലേക്ക് ചേക്കേറുമ്പോൾ സൗദിയോട് നോ പറഞ്ഞ് അർജന്റീനിയൻ താരങ്ങൾ. സൗദിയിൽ നിന്നുള്ള ഓഫറുകളോട് നോ പറഞ്ഞതിൽ കൂടുതൽ അർജന്റീനിയൻ താരങ്ങളാണ് എന്നത് പ്രത്യേകത. സൂപ്പർ താരം ലയണൽ മെസ്സിയ്ക്ക് സൗദി ക്ലബ്‌ അൽ ഹിലാൽ ലോക റെക്കോർഡ് പ്രതിഫലം വാഗ്ദാനം ചെയ്തപ്പോൾ മെസ്സി ഹിലാലിന്റെ ഓഫർ പരിഗണിക്കാതെ അതിലും കുറഞ്ഞ പ്രതിഫലമുള്ള ഇന്റർ മിയാമിയിലേക്ക് പോകുകയായിരുന്നു.

ഒരു പക്ഷെ അർജന്റീനിയൻ താരങ്ങളുടെ സൗദി ബഹിഷ്കരണത്തിനുള്ള തുടക്കമായി കണക്കാനാവുന്നത് മെസ്സിയുടെ ഈ നീക്കം തന്നെയാണ്. മെസ്സിക്ക് പിന്നാലെ അർജന്റീനിയൻ സൂപ്പർ താരങ്ങളായ ഏയ്ഞ്ചൽ ഡി മരിയ, ഡി ബാല എന്നിവരെ സൗദി ക്ലബ്ബുകൾ സമീപിച്ചെങ്കിലും ഇവരും സൗദി ക്ലബ്ബുകളോട് നോ പറയുകയായിരുന്നു.കരിയറിന്റെ അവസാന ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഡി മരിയയ്ക്ക് തന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താൻ സൗദി ഓഫർ സ്വീകരിക്കാമായിരുന്നു. പക്ഷെ താരം തന്റെ പഴയ ക്ലബ്ബായ ബെൻഫിക്കയിലേക്ക് തന്നെ മടങ്ങുകായിരുന്നു.

ഡി ബാലയുടെ കാര്യമാവട്ടെ, താരത്തിന് റോമയിൽ കിട്ടുന്നതിന്റെ ഇരട്ടിയിലധികം പ്രതിഫലമുള്ള കരാർ ഓഫറാണ് അൽ ഹിലാൽ താരത്തിന് വാഗ്ദാനം ചെയ്തത്. എന്നിട്ടും താരം റോമയിൽ തുടരുകയായിരുന്നു.തീർന്നില്ല, ക്യൂട്ടീ റൊമേരോ, പരെഡേസ്, ലൗതാരോ മാർട്ടിൻസ് എന്നിവരും സൗദിയുടെ പണക്കിലുക്കത്തിൽ വീണില്ല. ഏറ്റവുമൊടുവിൽ റോഡ്രിഗോ ഡി പൗളും സൗദി ഓഫറിനോട്‌ നോ പറഞ്ഞിരിക്കുകയാണ്. ഇവരെല്ലാവരും നോ പറഞ്ഞിരിക്കുന്നത് നിലവിൽ ലഭിക്കുന്ന പ്രതിഫലത്തേക്കാൾ ഇരട്ടി പ്രതിഫലമുള്ള ഓഫറുകളാണ്.

അർജന്റീന പരിശീലകൻ ലയണൽ സ്കലോണി, അത്ലെറ്റിക്കോ മാഡ്രിഡ്‌ പരിശീലകൻ സിമിയോണി എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഡി പൗൾ സൗദി ഓഫറിനോട് നോ പറഞ്ഞത്.കൂടാതെ സൗദി ഓഫറുകൾക്ക് നോ പറഞ്ഞ താരങ്ങൾക്ക് അർജന്റീന ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുന്നു എന്നുള്ളതും പ്രസ്‌ക്തമാണ്. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തിയതാണ് അർജന്റീന താരങ്ങൾ താരങ്ങൾ സൗദിയിലേക്ക് പോകാൻ മടിക്കുന്നത് എന്ന പരിഹാസവും ചില ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.