സെർജിയോ റൊമേറോ വീണ്ടും അർജന്റീന ഗോൾകീപ്പർ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു

സെർജിയോ റൊമേരോ. ഈ പേര് അർജന്റീനയ്ക്കാർ അത്ര പെട്ടെന്നൊന്നും മറക്കില്ല. 2014 ലെ ലോകകപ്പിൽ നെതർലാണ്ടിനെതിരെയുള്ള സെമിഫൈനലിലെ ഷൂട്ട്‌ഔട്ടിൽ അർജന്റീനയുടെ രക്ഷകനായി ടീമിനെ ഫൈനലിലെക്കെത്തിച്ച ആ ഒരൊറ്റ പ്രകടനം മതി ആരാധകരുടെ മനസ്സിൽ റൊമേരോ എന്ന പേര് ഓർമ്മിക്കാൻ. ഇപ്പോഴിതാ താരം വീണ്ടും അർജന്റീനയുടെ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

2026 ലെ ലോകകപ്പിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ മത്സരങ്ങൾ അടുത്ത മാസം ആരംഭിക്കവേ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനിയൻ ടീമിൽ റൊമേരോ തിരിച്ചെത്തുന്നു എന്നുള്ള വാർത്തകൾ തന്നെയാണ് പല അർജന്റീനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനിയൻ മാധ്യമ പ്രവർത്തകൻ ഫെർണാണ്ടോ കൈസ് താരം അർജന്റീനിയൻ ടീമിൽ മടങ്ങിയെത്താനുള്ള സാധ്യതകൾ റിപ്പോർട്ട് ചെയ്യുന്നു. ടീമിന്റെ മൂന്നാം നമ്പർ ഗോൾ കീപ്പറായിട്ടായിരിക്കും അദ്ദേഹം തിരിച്ചെത്തുക.

2018 ലാണ് താരം അവസാനമായി അർജന്റീനയ്ക്ക് വേണ്ടി കളിച്ചത്. 2018 ലെ റഷ്യൻ ലോകകപ്പിനുള്ള അർജന്റീനിയൻ സ്‌ക്വാഡിൽ ഭാഗമായിരുന്നെങ്കിലും പരിക്ക് കാരണം സ്ക്വാഡിൽ നിന്ന് പുറത്താവുകയായിരുന്നു. പിന്നീട് അർജന്റീനിയൻ ടീമിന്റെ ഭാഗമാവാൻ റോമെരോയ്ക്ക് സാധിച്ചില്ല. എമിലിയനോ മാർട്ടിൻസിന്റെ മികച്ച പ്രകടനവും കൂടിയയതോടെ താരത്തിന് അർജന്റീനയുടെ ഒന്നാം ചോയ്സ് ഗോൾ കീപ്പർ സ്ഥാനം നഷ്ടമായി.

എന്നാൽ താരമിപ്പോൾ അർജന്റീനിയൻ ക്ലബ്‌ ബോക്കാ ജുനിയേഴ്‌സിന് വേണ്ടി നടത്തുന്ന തകർപ്പൻ പ്രകടനം തന്നെയാണ് താരത്തിന് മുന്നിൽ വീണ്ടും ദേശീയ ടീമിന്റെ വാതിൽ തുറക്കാൻ കാരണം. നീണ്ട ആറ് വർഷം പ്രിമിയർ ലീഗ് ക്ലബ്‌ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാക്ക്അപ്പ് ഗോൾ കീപ്പറായിരുന്നു റൊമേരോ അർജന്റീനിയൻ ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അർജന്റീനയ്ക്കൊപ്പം 2008 ലെ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ജേതാവാകുകയും ചെയ്തിട്ടുണ്ട്.