അർജന്റീനയുടെ അടുത്ത മത്സരം തീരുമാനമായി, എതിരാളികൾ യൂറോപ്പ്യൻ വമ്പൻമാർ.

വലിയ ഒരു അപരാജിത കുതിപ്പ് നടത്തിക്കൊണ്ടായിരുന്നു അർജന്റീനയുടെ ദേശീയ ടീം ഖത്തർ വേൾഡ് കപ്പിന് എത്തിയിരുന്നത്.എന്നാൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ഒരു പകച്ചിൽ സംഭവിച്ചു കഴിഞ്ഞിരുന്നു.എന്നാൽ ആ പരാജയം യഥാർത്ഥത്തിൽ അർജന്റീനക്ക് ഒരു ഊർജ്ജമായി മാറി. പിന്നീടുള്ള എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് അർജന്റീന വേൾഡ് കപ്പ് കിരീടം കരസ്ഥമാക്കുകയായിരുന്നു.

വേൾഡ് കപ്പിന് മുന്നേ പലപ്പോഴും അർജന്റീനയുടെ നേരെ ഉയർന്നിരുന്ന വിമർശനം യൂറോപ്യൻ ടീമുകളോട് മുട്ടിനിൽക്കാൻ അർജന്റീനക്ക് സാധിക്കില്ല എന്നുള്ളതായിരുന്നു.പക്ഷേ നിരവധി യൂറോപ്പ്യൻ വമ്പന്മാരെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയത്.പോളണ്ട്,ഹോളണ്ട്, ക്രൊയേഷ്യ, ഫ്രാൻസ് എന്നിവരൊക്കെ അർജന്റീനക്ക് മുന്നിൽ മുട്ടുമടക്കുന്നത് നാം കണ്ടു. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി നേരത്തെ തന്നെ അർജന്റീനക്ക് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു.

ഇനി ആരാധകർ എല്ലാവരും കാത്തിരിക്കുന്നത് വേൾഡ് കപ്പിന് ശേഷം ആദ്യമായി അർജന്റീന കളത്തിലേക്ക് ഇറങ്ങുന്ന മത്സരത്തിനു വേണ്ടിയാണ്. വരുന്ന മാർച്ച് മാസത്തിൽ അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.DOBLE എന്ന മാധ്യമം ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ പുറത്തേക്ക് വിട്ടിട്ടുണ്ട്. അതായത് മാർച്ച് മാസത്തിൽ നടക്കുന്ന ഒരു സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ യൂറോപ്പ്യൻ വമ്പൻമാരായ ബെൽജിയം ആവാൻ സാധ്യതയുണ്ട് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആദ്യ എതിരാളിയായി കൊണ്ട് ബെൽജിയത്തെ പരിഗണിക്കുന്നുണ്ട്.മാർച്ച് മാസത്തിൽ കേവലം ഒരു മത്സരം മാത്രമാണ് ബെൽജിയം കളിക്കുന്നത്.യൂറോകപ്പ് യോഗ്യത മത്സരത്തിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ സ്വീഡനാണ് ബെൽജിയത്തിന്റെ എതിരാളികൾ. അതുകൊണ്ടുതന്നെ അർജന്റീനയുമായി ഒരു സൗഹൃദം മത്സരത്തിന് ബെൽജിയം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ ഇനിയും കൂടുതൽ വ്യക്തതകളും പുരോഗതിയും ഒക്കെ ഈ കാര്യത്തിൽ വരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ ബെൽജിയത്തിന് സാധിച്ചിരുന്നില്ല.കാനഡയ്ക്കെതിരെയുള്ള ഒരു മത്സരം മാത്രമാണ് ബെൽജിയം വിജയിച്ചത്. പിന്നീട് മൊറോക്കോയോട് പരാജയപ്പെടുകയും ക്രൊയേഷ്യയോട് സമനില വഴങ്ങുകയും ചെയ്തതോടെയാണ് ബെൽജിയം ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായത്.