ഖത്തർ വേൾഡ് കപ്പ് മെഡൽ ഡൊണേറ്റ് ചെയ്ത് കൈയ്യടി നേടി അർജന്റൈൻ താരം ഡിബാല.

അർജന്റീന ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൗലോ ഡിബാല. ഈ വേൾഡ് കപ്പിന് മുന്നേ പരിക്കും പ്രശ്നങ്ങളുമായി അദ്ദേഹത്തിന്റെ കാര്യം അനിശ്ചിതത്തിലായിരുന്നു. പക്ഷേ വേൾഡ് കപ്പ് ടീമിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്തി. തുടക്കത്തിൽ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല.

പക്ഷേ സെമി ഫൈനൽ മത്സരത്തിലും ഫൈനൽ മത്സരത്തിലും കുറച്ച് സമയം ദേശീയ ടീമിന് വേണ്ടി കളിക്കാനുള്ള അവസരം ഡിബാലക്ക് ലഭിച്ചിരുന്നു. ഫ്രാൻസിനെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ തന്റെ പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് അദ്ദേഹം തന്നിൽ ഏൽപ്പിച്ച റോൾ ഭംഗിയായി നിർവഹിക്കുകയും ചെയ്തിരുന്നു. അങ്ങനെ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീന ദേശീയ ടീമിന്റെ ഭാഗമാവാനും ഡിബാലക്ക് സാധ്യമായിരുന്നു.

ഇപ്പോൾ ഡിബാലയുടെ കാര്യത്തിലെ ഒരു അപ്ഡേറ്റ് അദ്ദേഹത്തിന്റെ ക്ലബ്ബായ AS റോമ പുറത്തേക്ക് വിട്ടിട്ടുണ്ട്. അതായത് ഡിബാല തന്റെ വേൾഡ് കപ്പ് മെഡൽ ക്ലബ്ബായ റോമക്ക് കൈമാറിയിട്ടുണ്ട്. ഹിസ്റ്റോറിക്കൽ അർച്ചീവിലേക്കാണ് അദ്ദേഹം ഈ മെഡൽ ദാനം ചെയ്തിട്ടുള്ളത്.

പക്ഷേ സ്ഥിരമായി അദ്ദേഹം റോമക്ക് കൈമാറിയോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതായത് ഡിബാല ക്ലബ്ബിൽ തുടരുന്ന കാലം വരെ പ്രദർശിപ്പിക്കാൻ ക്ലബ്ബിന് നൽകി എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആ കാര്യത്തിൽ ഒക്കെ കൂടുതൽ സ്ഥിരീകരണങ്ങൾ ഇനിയും വരേണ്ടതുണ്ട്. പക്ഷേ ഈയൊരു പ്രവർത്തിയിലൂടെ ആരാധകരുടെ കയ്യടി നേടാൻ അർജന്റൈൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഈ സീസണിലായിരുന്നു പൗലോ ഡിബാല യുവന്റസ് വിട്ടുകൊണ്ട് റോമയിൽ എത്തിയിരുന്നത്. രാജകീയമായ വരവേൽപ്പായിരുന്നു അദ്ദേഹത്തിന് ആരാധകർ നൽകിയിരുന്നത്.നല്ലൊരു തുടക്കം അദ്ദേഹത്തിന് ഇറ്റാലിയൻ ലീഗിൽ റോമയിൽ ലഭിക്കുകയും ചെയ്തു. ആകെ കളിച്ച 9 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും ഡിബാല ഈ സിരി എയിൽ സ്വന്തം പേരിലാക്കിയിട്ടുണ്ട്.