ഫ്രണ്ട്ലി മത്സരങ്ങൾക്കുള്ള അർജന്റീനയുടെ സ്‌ക്വാഡ്, ലൗറ്ററോയും ഡിബാലയും പുറത്തായത് എന്തുകൊണ്ട്?

വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളാണ് കളിക്കുക.ഇത്തവണ ഏഷ്യയിലേക്കാണ് ലോക ചാമ്പ്യന്മാർ ടൂർ നടത്തുന്നത്.ആദ്യ മത്സരത്തിൽ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ അർജന്റീന പരാജയപ്പെടുത്തിയ ഓസ്ട്രേലിയ തന്നെയാണ് എതിരാളികൾ.പക്ഷേ മത്സരം നടക്കുക ചൈനയിലെ ബെയ്ജിങ്ങിൽ വെച്ചാണ്.അതിനുശേഷം നടക്കുന്ന മത്സരത്തിൽ ഇൻഡോനേഷ്യയെ നേരിടും.ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ വെച്ചാണ് മത്സരം അരങ്ങേറുക.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി തിരഞ്ഞെടുത്തിരുന്നു.27 താരങ്ങളെയാണ് അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിലെ സൂപ്പർതാരങ്ങളായ പൗലോ ഡിബാലയും ലൗറ്ററോ മാർട്ടിനസും ഈ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടില്ല.എന്തുകൊണ്ടാണ് ഈ രണ്ടു താരങ്ങളും ടീമിൽ ഇല്ലാത്തത് എന്നത് ആരാധകർ അന്വേഷിച്ച ഒരു കാര്യമായിരുന്നു.അതിന്റെ ഉത്തരം അർജന്റൈൻ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് നിലവിൽ പൗലോ ഡിബാലക്ക് പരിക്കിന്റെ പ്രശ്നങ്ങളുണ്ട്.റോമക്കൊപ്പം യൂറോപ ലീഗ് ഫൈനലിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഉറപ്പുകൾ ഒന്നുമില്ല.അതേസമയം അദ്ദേഹത്തിന്റെ പരിക്ക് കൂടുതൽ വഷളാവാതിരിക്കാൻ വേണ്ടി,മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹത്തെ ഇപ്പോൾ അർജന്റീന ദേശീയ ടീമിൽ നിന്നും മാറ്റി നിർത്തിയിട്ടുള്ളത്.പരിക്കിൽ നിന്നും പൂർണമായും മുക്തി നേടുക എന്നുള്ളതിനാണ് ഇപ്പോൾ ഡിബാലയും അർജന്റീനയും പ്രാധാന്യം കൽപ്പിക്കുന്നത്.

ലൗറ്ററോയുടെ കാര്യത്തിലും പരിക്ക് തന്നെയാണ് വില്ലൻ.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ലൗറ്ററോയെ ഏറെ അലട്ടിയത് അദ്ദേഹത്തിന്റെ ആങ്കിൾ ഇഞ്ചുറിയായിരുന്നു. താൽക്കാലികമായി ഇപ്പോൾ അദ്ദേഹം പരിഹാരം കണ്ടെത്തിയിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരം ആവശ്യമാണ്.അതുകൊണ്ടുതന്നെ ഇന്റർമിലാനൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചതിനു ശേഷം ഈ സൂപ്പർ താരം ശസ്ത്രക്രിയക്ക് വിധേയനാവും. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ അർജന്റീന ദേശീയ ടീമിൽ നിന്നും മാറി നിൽക്കുന്നത്.സർജറിക്ക് ശേഷം എത്രനാൾ അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നുള്ളത് അവ്യക്തമാണ്.

കൂടാതെ പരിക്കിന്റെ പിടിയിലുള്ള ലിസാൻഡ്രോയും ടീമിൽ ഇടം നേടിയിട്ടില്ല.പപ്പു ഗോമസ്,ജോക്കിൻ കൊറേയ,അർമാനി,എയ്ഞ്ചൽ കൊറേയ,ഫോയ്ത്ത് എന്നിവരെയും പരിശീലകൻ പരിഗണിച്ചിട്ടില്ല.അതേസമയം വാൾട്ടർ ബെനിറ്റസ്, ലിയോ ബാലർഡി,ഫകുണ്ടോ മെഡിന,ലുകാസ് ഒകമ്പസ്,ഗർനാച്ചോ എന്നിവർ അർജന്റീനയുടെ ദേശീയ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.