മെസ്സിയെന്നാൽ ഫുട്ബോളാണ്, വിമർശിക്കുന്നവർ അദ്ദേഹത്തിന്റെ കണക്കുകൾ ഒന്ന് നോക്കുക: പിന്തുണയുമായി പിഎസ്ജി പരിശീലകൻ |Lionel Messi

ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ ഈ സീസണിൽ സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.അതായത് ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ വഹിച്ച രണ്ടാമത്തെ താരവും ലയണൽ മെസ്സിയാണ്.31 ഗോളുകളിലാണ് മെസ്സി ലീഗ് വണ്ണിൽ മാത്രമായി കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ളത്.15 ഗോളുകളും 16 അസിസ്റ്റുകളുമാണ് മെസ്സിയുടെ ഇതുവരെയുള്ള സമ്പാദ്യം.

പക്ഷേ മെസ്സിക്ക് പിഎസ്ജി ആരാധകരിൽ നിന്നും ഏൽക്കേണ്ടിവരുന്ന വിമർശനങ്ങളും അധിക്ഷേപങ്ങളും അതിക്രൂരമാണ്.മികച്ച പ്രകടനം നടത്തിയിട്ട് പോലും മെസ്സിയെ വേട്ടയാടുന്നതിലാണ് പിഎസ്ജി ആരാധകർ ആനന്ദം കണ്ടെത്തുന്നത്.ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി പുറത്തായതിന് പിന്നാലെയാണ് പിഎസ്ജി ആരാധകർ മെസ്സിയെയും നെയ്മറെയുമൊക്കെ വ്യക്തിഹത്യ ചെയ്യാൻ ആരംഭിച്ചത്.മെസ്സിയും നെയ്മറും ഈ സീസണിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത് എന്നുള്ളത് കണക്കുകൾ തെളിയിക്കുന്ന ഒന്നാണ്.

ഈ വിഷയത്തിൽ ലയണൽ മെസ്സിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടീർ.ലയണൽ മെസ്സി എന്നാൽ ഫുട്ബോളാണ് എന്നാണ് ഗാൾട്ടീർ പറഞ്ഞിട്ടുള്ളത്.മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച സീസൺ ആണെന്നും പിഎസ്ജി പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പരിശീലകൻ പറഞ്ഞിട്ടുള്ളത്.

‘ലയണൽ മെസ്സിയെന്നാൽ ഫുട്ബോളാണ്.എല്ലാ ദിവസവും പരിശീലനങ്ങളിലും മത്സരങ്ങളിലും ഞാൻ അദ്ദേഹത്തെ കാണുന്നു.ലയണൽ മെസ്സിയെ കുറിച്ചുള്ള വിമർശനങ്ങൾ എനിക്ക് കേൾക്കാം.പക്ഷേ അദ്ദേഹം കളിക്കുന്ന രീതി ഒന്ന് നോക്കൂ,മാത്രമല്ല അദ്ദേഹത്തിന്റെ ഈ സീസണിലെ ഗോളുകളുടെയും അസിസ്റ്റുകളുടെയും കണക്കുകൾ ഒന്ന് പരിശോധിച്ചു നോക്കൂ.മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല സീസൺ തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത് ‘പിഎസ്ജി പരിശീലകൻ പറഞ്ഞു.

ഇന്ന് ഫ്രഞ്ച് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ സ്ട്രാസ്ബർഗാണ്.അവരുടെ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് കിരീടം നേടാൻ സാധിക്കും.സമനില വഴങ്ങിയാലും പിഎസ്ജി തന്നെയായിരിക്കും കിരീടം ചൂടുക.