അണ്ടർ 20 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ അർജന്റീന താരത്തിന്റെ ബൂട്ടിൽ നിന്നും പിറന്നു

സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ഇപ്പോൾ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് അർജന്റീന നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിൽ വിജയിച്ച അർജന്റീന കഴിഞ്ഞ ദിവസം നടന്ന അവസാനത്തെ ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലാൻഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തകർത്തു വിട്ടത്.

മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ ലാസിയോയുടെ താരമായ ലൂക്ക റോമെറോ നേടിയ ഗോളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. മുപ്പത്തിയഞ്ചാം മിനുട്ടിൽ താരം നേടിയ ഗോൾ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ലൂക്ക റൊമേരോ തകർപ്പൻ ഗോൾ നേടുന്നത്.

സ്വന്തം ഹാഫിൽ പന്ത് സ്വീകരിച്ച താരം തടയാൻ വന്ന മൂന്ന് ന്യൂസിലാൻഡ് കളിക്കാരെ മനോഹരമായൊരു നീക്കത്തിലൂടെ നിഷ്പ്രഭമാക്കി ന്യൂസിലാൻഡ് ബോക്‌സിലേക്ക് കുതിച്ചെത്തി. അതിനു ശേഷം പോസ്റ്റിനു മുപ്പത്തിയഞ്ചു വാര അകലെ നിന്നും തൊടുത്ത ഷോട്ട് പോസ്റ്റിലേക്ക് കയറുമ്പോൾ ന്യൂസിലാൻഡ് കീപ്പർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടു മത്സരത്തിലും ബോക്‌സിനു പുറത്തു നിന്നുമുള്ള ഷോട്ടിലാണ് താരം ഗോൾ നേടിയത്.

ഇഗ്‌നാസിയോ മാസ്‌ട്രോ പുച്ച്, ജിനോ ഇൻഫാന്റിനോ, ബ്രയാൻ അഗ്വയർ, അലെഹോ വെലസ് എന്നിവരാണ് റൊമേറോക്ക് പുറമെ അർജന്റീനക്കായി ഗോളുകൾ നേടിയത്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഉസ്‌ബെക്കിസ്ഥാൻ, ഗ്വാട്ടിമാല എന്നിവരെ തകർത്ത അർജന്റീന ന്യൂസിലാൻഡിനെതിരെ വിജയം നേടിയതോടെ ഗ്രൂപ്പ് ജേതാക്കളായാണ് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്.