ക്രിസ്റ്റ്യാനോക്കൊപ്പം അൽ നസ്റിൽ കളിക്കാൻ ജർമൻ സൂപ്പർ താരമെത്തുമോ ?

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ മാർക്കോ റ്യൂസിന്റെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല ഈ കരാർ പുതുക്കാനുള്ള യാതൊരുവിധ ഉദ്ദേശവും ഇതുവരെ ക്ലബ്ബ് കാണിച്ചിട്ടില്ല.അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഈ താരം ഫ്രീ ഏജന്റായും.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെ ലോക ഫുട്ബോളിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ക്ലബ്ബാണ് സൗദി അറേബ്യയിലെ അൽ നസ്ർ.റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെ കൂടുതൽ സൂപ്പർതാരങ്ങളെ ക്ലബ്ബിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. മാത്രമല്ല സൂപ്പർ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്.റ്യൂസ് ഫ്രീ ഏജന്റ് ആവുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടിയും അൽ നസ്ർ ശ്രമങ്ങൾ നടത്തും എന്ന വാർത്തകൾ വ്യാപകമായിരുന്നു.

ഇക്കാര്യം കഴിഞ്ഞ ദിവസം റ്യൂസിനോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു.താൻ ഓഫറുകൾ പരിഗണിക്കുന്നുണ്ട് എന്നാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്. ‘ തീർച്ചയായും നമ്മൾ മുന്നോട്ടു നോക്കിയേ മതിയാവൂ.എന്റെ കരാറിൽ എനിക്ക് കേവലം 6 മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയെക്കുറിച്ച് ചിന്തിച്ചില്ലെങ്കിൽ അത് ഒരു പിഴവായി മാറും’ ഇതായിരുന്നു റ്യൂസ് ഈ റൂമറുകളോട് പ്രതികരിച്ചിരുന്ന രീതി.

‘ റ്യൂസിനെ പോലെയുള്ള ഒരു താരത്തിൽ മറ്റുള്ള ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിക്കുക എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്.പക്ഷെ ബോറൂസിയ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ട ക്ലബ്ബാണ്.അതോടൊപ്പം തന്നെ തുടർച്ചയായി ഫുട്ബോൾ കളിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ള ഓപ്ഷനുകൾ അദ്ദേഹം പരിഗണിക്കുന്നത് മറ്റൊരു സാധാരണമായ കാര്യമാണ് ‘ ഇതാണ് റ്യൂസിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

അതായത് ക്ലബ്ബ് കരാർ പുതുക്കിയില്ലെങ്കിൽ റ്യൂസ് അൽ നസ്റിലേക്ക് എത്താനുള്ള വലിയ സാധ്യതകൾ ഇവിടെ അവശേഷിക്കുന്നുണ്ട്. താരത്തിന് ക്ലബ്ബ് വലിയ സാലറി വാഗ്ദാനം ചെയ്യും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.റ്യൂസിനെ കൂടാതെ പല സൂപ്പർതാരങ്ങളെയും അൽ നസ്ർ ലക്ഷ്യമിട്ടിട്ടുണ്ട്.