വേൾഡ് കപ്പിൽ മൊറോക്കൻ ജേഴ്സിയിൽ അമ്പരപ്പിച്ച സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി!

കഴിഞ്ഞ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ആഫ്രിക്കൻ ടീമായ മൊറോക്കോ പുറത്തെടുത്തത്.വേൾഡ് കപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തിക്കൊണ്ട് അവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ടീം കൂടിയാണ് മൊറോക്കോ.

ഒരുപിടി സൂപ്പർതാരങ്ങൾ മൊറോക്കോക്ക് വേണ്ടി വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയിരുന്നു. പല താരങ്ങളും ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അത്തരത്തിലുള്ള ഒരു താരമാണ് മൊറോക്കയുടെ മിഡ്ഫീൽഡറായ അസ്സദിൻ ഒനാഹി.കേവലം 22 വയസ്സ് മാത്രം പ്രായമുള്ള താരം അത്യുജ്ജ്വല പ്രകടനമായിരുന്നു വേൾഡ് കപ്പിൽ നടത്തിയിരുന്നത്.

ഇപ്പോഴിതാ ഈ താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി നടത്തിയിട്ടുണ്ട്.എൽ എക്യുപെയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഴ്ചകൾക്ക് മുന്നേ പിഎസ്ജിയുടെ സ്‌പോട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസ്‌ താരത്തിന്റെ ഏജന്റുമാരുമായി ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.

നിലവിൽ ലീഗ് വൺ ക്ലബ്ബായ ആങ്കേഴ്സിന് വേണ്ടിയാണ് ഈ മിഡ്ഫീൽഡർ കളിച്ചുകൊണ്ടിരിക്കുന്നത്.ലീഗ് വണ്ണിലെ അവസാന സ്ഥാനക്കാരാണ് ഇവർ.അടുത്ത സീസണിൽ ഇവർ ലീഗ് വണ്ണിൽ ഉണ്ടാവാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ താരത്തെ കൈവിടാൻ ക്ലബ്ബ് ഒരുക്കമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.പക്ഷേ കാര്യങ്ങൾ കൂടുതൽ പുരോഗമിക്കേണ്ടിയിരിക്കുന്നു. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിയിലായിരിക്കും ഒരുപക്ഷേ ഈ ട്രാൻസ്ഫർ സാധ്യമാവുക.

മാത്രമല്ല ഒനാഹിക്ക് വേണ്ടി വേറെ യൂറോപ്പ്യൻ വമ്പൻ ക്ലബ്ബുകളും മുന്നോട്ടു വന്നിട്ടുണ്ട്.പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡ്, ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളി എന്നിവരൊക്കെ ഈ താരത്തിൽ ആകൃഷ്ടരായവരാണ്. സെൻട്രൽ മിഡ്ഫീൽഡർ ആയ ഈ താരം ഈ ലീഗ് വണ്ണിൽ ആകെ 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരത്തെ എത്തിക്കുകയാണെങ്കിൽ അത് പിഎസ്ജിക്ക് കൂടുതൽ ഗുണകരമായേക്കും .