അത്ലറ്റിക്കോക്കെതിരെയുള്ള ബാഴ്സയുടെ വിജയം, ക്രെഡിറ്റ് റയൽ മാഡ്രിഡിന് നൽകി ബുസ്ക്കെറ്റ്സ്

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിന് പരാജയപ്പെടുത്താൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം.ഡെമ്പലെയുടെ ഗോളാണ് സിമയോണിയുടെ അത്ലറ്റിക്കോക്കെതിരെ ബാഴ്സക്ക് വിജയം നേടി കൊടുത്തിട്ടുള്ളത്.ഗാവിയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത്.

ഇതിന് മുമ്പേ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യാറയലിനോട് പരാജയപ്പെട്ടിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പരാജയം അറിഞ്ഞിരുന്നത്. ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റുകൾ റയൽ മാഡ്രിഡ് കളയുകയും ചെയ്തിരുന്നു. റയൽ പോയിന്റ് ഡ്രോപ്പ് ചെയ്തത് യഥാർത്ഥത്തിൽ ബാഴ്സക്ക് ഗുണകരമാവുകയും ചെയ്തു.

ഇതുതന്നെയാണ് ബാഴ്സയുടെ സൂപ്പർ താരമായ സെർജിയോ ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്. അതായത് റയൽ മാഡ്രിഡ് പരാജയപ്പെട്ടതോടുകൂടി ബാഴ്സക്ക് ഒരു എക്സ്ട്രാ മോട്ടിവേഷൻ ലഭിച്ചു എന്നാണ് ഈ മിഡ്‌ഫീൽഡർ പറഞ്ഞത്. ഈ സാഹചര്യം മുതലെടുക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും ബുസ്ക്കെറ്റ്സ് കൂട്ടിച്ചേർത്തു.

‘ റയൽ മാഡ്രിഡ് വിയ്യാറയലിനോട് പരാജയപ്പെട്ടത് ഞങ്ങളുടെ ശ്രദ്ധയിൽ ഉണ്ടായിരുന്നു.അത് ഞങ്ങൾക്ക് കൂടുതൽ മോട്ടിവേഷൻ നൽകി.ഞങ്ങൾക്ക് ഒരു നല്ല അവസരമായിരുന്നു ലഭിച്ചിരുന്നത്.അത് ഞങ്ങൾ മുതലെടുക്കുകയും ചെയ്തു.രണ്ടാം പകുതിയിലൊക്കെ കാര്യങ്ങൾ ഞങ്ങൾ തന്നെയാണ് നിയന്ത്രിച്ചത്.വളരെ പ്രധാനപ്പെട്ട മൂന്ന് പോയിന്റുകളാണ് ഞങ്ങൾക്ക് ലഭിച്ചത്.ഈ സ്റ്റേഡിയത്തിൽ ക്ലീൻ ഷീറ്റ് നേടുക എന്നതൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഞങ്ങൾ എല്ലാ കാര്യത്തിലും സോളിഡായിരുന്നു ‘ ബുസ്ക്കെറ്റ്സ് പറഞ്ഞു.

നിലവിൽ ഒന്നാം സ്ഥാനത്ത് ബാഴ്സ തന്നെയാണ് ഉള്ളത്. 16 മത്സരങ്ങളിൽ നിന്ന് 41 പോയിന്റാണ് ബാഴ്സക്കുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 38 പോയിന്റ് ഉള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.ഇനി ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ബാഴ്സയുടെ എതിരാളികൾ ഗെറ്റാഫെയാണ്.