ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ ആരായിരിക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനത്തിലെത്തിയതായി സൂചന..

ഖത്തർ ലോകകപ്പിൽ മോശം പ്രകടനമാണ് ബ്രസീൽ ടീം നടത്തിയത്. കിരീടം നേടാനുള്ള സ്‌ക്വാഡുണ്ടായിട്ടും ഏറ്റവുമധികം സാധ്യതയുള്ള ടീമുമായിരുന്നിട്ടും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് അവർ പുറത്തു പോവുകയായിരുന്നു. ഇതോടെ പരിശീലകസ്ഥാനത്തു നിന്നും ടിറ്റെ പടിയിറങ്ങി. ഇപ്പോൾ ടീമിന്റെ പുതിയ പരിശീലകനായി പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീൽ ടീം.

ബ്രസീലിൽ നിന്നുള്ള പരിശീലകർക്ക് പകരം യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെയാണ് ബ്രസീൽ നോട്ടമിടുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.അതിനിടയിൽ ബ്രസീൽ ടീമിന്റെ പുതിയ പരിശീലകനായി ആരാണ് വരികയെന്ന കാര്യത്തിൽ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് ബ്രസീലിന്റെ മുൻ താരമായ കാർലോസ് ആൽബർട്ടോ. നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനായ ഹോസെ മൗറീന്യോ ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നാണ് പോർട്ടോ ക്ലബിൽ മൗറീന്യോക്ക് കീഴിൽ കളിച്ചിട്ടുള്ള ആൽബർട്ടോ പറയുന്നത്. ബ്രസീൽ ടീമിന്റെ പരിശീലകനാവാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അദ്ദേഹം സഹപരിശീലകരെ തേടുന്നുണ്ടെന്നും ആൽബർട്ടോ പറയുന്നു.

“ഞാൻ വളരെ കൃത്യമായി തന്നെ പറയുന്നു. ബ്രസീലിന്റെ പുതിയ പരിശീലകനായെത്തുക മൗറീന്യോ ആയിരിക്കാം. ഞാൻ പരസ്യമായി തന്നെ ഈ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. അദ്ദേഹം എന്നോട് അസിസ്റ്റന്റായി ജോലി ചെയ്യാൻ കഴിയുമോയെന്ന് ചോദിച്ചിരുന്നു.” ആൽബർട്ടോ പറഞ്ഞു. തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും ബ്രസീലിൽ ചിലവഴിച്ചിട്ടുള്ള ആൽബർട്ടോ രണ്ടു സീസണുകളിൽ പോർട്ടോയിൽ മൗറീന്യോക്കു കീഴിൽ കളിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ മികച്ച ബന്ധമാണ് ഉണ്ടായിരുന്നതെന്നതിനാൽ ആൽബർട്ടോയുടെ വാക്കുകളെ തള്ളിക്കളയാൻ കഴിയില്ല.

ബ്രസീൽ ടീമിന്റെ പുതിയ പരിശീലകസ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്ന പേരുകളിൽ ഒന്നായി മൗറീന്യോയും ഉണ്ടായിരുന്നു. അതിനു പുറമെ കാർലോ ആൻസലോട്ടിയുടെ പേരാണ് വന്നിരുന്നത്. എന്നാൽ ബ്രസീലിൽ പോർച്ചുഗീസ് ഭാഷയാണ് സംസാരിക്കുന്നത് എന്നതിനാൽ മൗറീന്യോക്കുള്ള സാധ്യത കൂടുതലാണ്. ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം മൗറീന്യോ മുൻപ് വെളിപ്പെടുത്തിയിട്ടുമുണ്ട്.