ബെൽജിയം ടീമിന്റെ സ്ഥാനമൊഴിഞ്ഞ റോബർട്ടോ മാർട്ടിനസ് ഇനി പോർച്ചുഗൽ പരിശീലകൻ

ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി വന്ന് ക്വാർട്ടറിൽ പുറത്തു പോയ പോർച്ചുഗൽ ടീം ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഈ ലോകകപ്പിൽ മികച്ച കുതിപ്പു കാണിച്ച മൊറോക്കോയാണ് ക്വാർട്ടറിൽ പോർച്ചുഗലിനെ തോൽപ്പിച്ചത്.

പ്രീ ക്വാർട്ടറിൽ സ്വിറ്റ്‌സർലണ്ടിനെതിരെ വമ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ എത്തിയ പോർചുഗലിനു പക്ഷെ മൊറോക്കോയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനായില്ല. മികച്ച സ്‌ക്വാഡ് ഉണ്ടായിട്ടും പോർച്ചുഗലിനെ ലോകകപ്പിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തതിനെ തുടർന്ന് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് ടീമിന്റെ സ്ഥാനമൊഴിയുകയും ചെയ്‌തു.

ഫെർണാണ്ടോ സാന്റോസിനു പകരക്കാരനായി പുതിയ പരിശീലകനെ നിയമിച്ചിരിക്കുകയാണ് പോർച്ചുഗലിപ്പോൾ. നേരത്തെ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്ന റോബർട്ടോ മാർട്ടിനസാണ്‌ ഇനി പോർച്ചുഗൽ ദേശീയ ടീമിനെ നയിക്കുക. ഇക്കാര്യം പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻപ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണെ പരിശീലിപ്പിച്ചിട്ടുള്ള മാർട്ടിനസിന്റെ കരാർ എത്ര വർഷത്തേക്കാണെന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്ത ലോകകപ്പ് വരെ മാർട്ടിനസ് പോർചുഗലിനൊപ്പം ഉണ്ടാകുമെന്നാണ് സൂചനകൾ.”19 വർഷം ദേശീയ ടീമിന്റെ ഭാഗമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ബഹുമാനം അർഹിക്കുന്നു, ഞങ്ങൾ അതിനെക്കുറിച്ച് ഉടൻ സംസാരിക്കും” പോർച്ചുഗൽ ദേശീയ ടീമിന്റെ ചുമതലയേറ്റ മാർട്ടിനെസ് പറഞ്ഞു.

പോർച്ചുഗലിന് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി നൽകിയിട്ടുള്ള പരിശീലകനാണ് ഫെർണാണ്ടോ സാന്റോസ്. പോർച്ചുഗൽ ആദ്യമായി യൂറോ കപ്പ് വിജയിച്ച 2016ൽ അദ്ദേഹമായിരുന്നു പരിശീലകൻ. അതിനു ശേഷം ടീമിന് യുവേഫ നേഷൻസ് ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കി. എന്നാൽ വിജയങ്ങൾ നേടുമ്പോഴും അദ്ദേഹം ടീമിന്റെ ശൈലിയുടെയും റൊണാൾഡോയെ ആശ്രയിക്കുന്നതിന്റെയും പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ലോകകപ്പിൽ പോർച്ചുഗൽ പുറത്തായതോടെ അത് വർധിച്ചതിനെ തുടർന്നാണ് അദ്ദേഹം പുറത്തു പോകുന്നത്.

റോബർട്ടോ മാർട്ടിനസ് എത്തുന്നതോടെ പോർച്ചുഗൽ കൂടുതൽ ആക്രമണശൈയിലേക്ക് മാറുമെങ്കിലും അദ്ദേഹത്തിന് കീഴിൽ അവർക്ക് എന്താണ് നേടാൻ കഴിയുകയെന്നു പറയാൻ കഴിയില്ല. ബെൽജിയത്തിന്റെ ഏറ്റവും മികച്ചൊരു തലമുറയെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ച അദ്ദേഹത്തിനു ഒരു കിരീടം പോലും അവർക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. 2018 ലോകകപ്പിൽ മൂന്നാം സ്ഥാനത്തു വന്നതാണ് അവരുടെ പ്രധാനപ്പെട്ട നേട്ടം. ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തു പോയപ്പോഴാണ് മാർട്ടിനസ് ടീം വിടുന്നത്.