ലിയോ മെസ്സിയുടെയും ആൽബയുടെയും പരിക്കിനെ കുറിച്ച് മിയാമി പരിശീലകൻ പറഞ്ഞത് |Lionel Messi

അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം ക്ലബ് തലത്തിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരമായ ലിയോ മെസ്സിക്കൊപ്പം ഹോം സ്റ്റേഡിയത്തിൽ ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ മിയാമിക്ക് ഗംഭീര വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മേജർ സോക്കർ ലീഗിലെ അവസാന സ്ഥാനക്കാരെ ഇന്റർ മിയാമി തകർത്തുവിട്ടത്.

അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ലിയോ മെസ്സി പോയതിനാൽ കഴിഞ്ഞ മത്സരങ്ങളിൽ മെസ്സി ഇല്ലാതെയായിരുന്നു മിയാമി കളിക്കാൻ ഇറങ്ങിയത്. അറ്റ്ലാൻഡ യുണൈറ്റഡിനെ എതിരായ കഴിഞ്ഞ മത്സരത്തിൽ അഞ്ചു ഗോളുകളുടെ തോൽവി വഴങ്ങിയ ഇന്റർമിയാമി ഇന്ന് ഹോം സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ടോറോന്റോക്കെതിരെ വിജയിച്ചു മടങ്ങിയെത്തുകയാണ്.

മത്സരം തുടങ്ങി മുന്നോട്ടുപോകവേ 37 മിനിറ്റിൽ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ലിയോ മെസ്സിയെ മിയാമി പരിശീലകൻ മൈതാനത്തിൽ നിന്നും തിരികെ വിളിച്ചു. ജോർഡി ആൽബയെയും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരികെ വിളിച്ച മിയാമി പരിശീലകൻ മത്സരശേഷം മെസ്സിയെയും ആൽബയെയും തിരികെ വിളിച്ചതിനെ കുറിച്ച് സംസാരിച്ചു.

“ലയണൽ മെസ്സിയും ജോർഡി ആൽബയും ഇന്ന് കളിക്കാൻ തയ്യാറാണെന്ന് തോന്നി, പക്ഷേ അവർക്കുണ്ടായിരുന്ന അസ്വസ്ഥതകളാൽ ക്ഷീണം അവരെ കീഴടക്കി. പരിക്കിന്റെ കാര്യത്തിൽ ഇത് വലിയ രീതിയിലുള്ള പരിക്കാണെന്നു ഞങ്ങൾ കരുതുന്നില്ല.” – ഇന്റർ മിയാമിയുടെ അർജന്റീന തന്ത്രഞ്ജനായ ടാറ്റാ മാർട്ടിനോ മത്സരശേഷം സംസാരിച്ചു.

മേജർ സോക്കർ ലീഗിൽ ലിയോ മെസ്സിക്കൊപ്പം വിജയങ്ങൾ തുടരുന്ന ഇന്റർ മിയാമി അടുത്ത എം എൽ എസ് ലീഗ് മത്സരത്തിൽ ഓർലാണ്ടോ സിറ്റിയെ സെപ്റ്റംബർ 25 തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ച അഞ്ചുമണിക്ക് നേരിടും. അടുത്ത മത്സരത്തിൽ ലിയോ മെസ്സി മിയാമി ജേഴ്സിയിൽ കളിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ച ലിയോ മെസ്സിയെ അർജന്റീനയും കഴിഞ്ഞ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു.