ഗാർഡിയോളയുടെ മാനസപുത്രനായ അർജന്റീന താരം, സിറ്റിക്ക് വേണ്ടി മിന്നും പ്രകടനം തുടരുന്നു|Julian Alvarez

ജൂലിയൻ അൽവാരസ്. ഫുട്ബോൾ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാവുന്ന യുവതാരങ്ങളിലൊരാൾ. തന്റെ മിന്നും പ്രകടനം തന്നെയാണ് ഈ 23 കാരനെ പറ്റിയുള്ള ചർച്ചകൾക്ക് ആധാരം. കേവലം 23 ആം വയസ്സിൽ തന്നെ ഫുട്ബാൾ കരിയറിലെ സുപ്രധാന കിരീടമെല്ലാം സ്വന്തമാക്കിയ ഈ താരം കഴിഞ്ഞ സീസൺ വരെ ശ്രദ്ധ നേടിയിരുന്നത് താൻ നേടിയിരുന്ന കിരീടങ്ങളുടെ പേരിലായിരുന്നു.

കഴിഞ്ഞ സീസണിൽ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്എ കപ്പ് എന്നിവയെല്ലാം നേടി ട്രെബിൽ സ്വന്തമാക്കിയ താരത്തിന് പക്ഷെ കഴിഞ്ഞ സീസണിൽ സിറ്റിയിൽ വലിയ അവസരങ്ങൾ ഉണ്ടായിരുന്നില്ല. ഏർലിങ് ഹലാണ്ടിന്റെ പകരക്കാരൻ എന്നത് മാത്രമായിരുന്നു കഴിഞ്ഞ സീസൺ വരെ അൽവാരസിന് സിറ്റിയിലുണ്ടായ വിശേഷണം.

ഹലാൻഡിനെ സബ് ചെയ്യുമ്പോൾ ലഭിക്കുന്ന കുറച്ച് സമയങ്ങൾ, അതല്ലെങ്കിൽ ഹലാൻഡ് ഇറങ്ങാത്ത അപൂർവം മത്സരങ്ങളിൽ കളിക്കുന്ന ഒരു താരം, അത്ര മാത്രമായിരുന്നു അൽവാരസ്. എങ്കിലും കിട്ടിയ അവസരങ്ങൾ അൽവാരസ് നന്നായി മുതലെടുത്തു. കഴിഞ്ഞ സീസണിൽ കുറഞ്ഞ അവസരം മാത്രം ഉണ്ടായിട്ടും സിറ്റിക്ക് വേണ്ടി 49 മത്സരങ്ങളിൽ നിന്ന് 17 ഗോളും 5 അസിസ്റ്റും ഈ അർജന്റീനക്കാരൻ നേടി.

എന്നാൽ ഇത്തവണ കാര്യങ്ങൾ കഴിഞ്ഞ സീസൺ പോലെയല്ല. ഹലാണ്ടിന്റെ പകരക്കാരൻ എന്ന വിശേഷണത്തിൽ നിന്നും ഇപ്പോൾ പെപ്പിന്റെ വജ്രായുധമായി ഈ 23 കാരൻ മാറിയിരിക്കുകയാണ്. സിറ്റിയുടെ ഈ സീസണിലെ എല്ലാ മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്യാനും അൽവാരസിന് സാധിച്ചു. ഹലാണ്ടിന് പിറകിൽ ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലാണ് പെപ് താരത്തെ ഇറക്കുന്നത്. ചില മുന്നേറ്റ താരങ്ങൾ മധ്യനിരയിലേക്കെത്തുമ്പോൾ അത് അവരുടെ പ്രകടനത്തെ ബാധിക്കാറുണ്ട്. എന്നാൽ അൽവാരസിന് ഈ സ്ഥാനമാറ്റം ഒരു വിഷയമേയല്ല. മധ്യനിരയിൽ ഇറങ്ങിയിട്ടും ഈ സീസണിലെ 8 മത്സരങ്ങളിൽ 4 ഗോളും 4 അസിസ്റ്റുമായി അൽവാരസ് സിറ്റിയുടെയും പെപ്പിന്റെയും പ്രിയ താരമായി മാറിയിരിക്കുകയാണ്.

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയശിൽപ്പിയായതും അൽവാരസ് തന്നെ. മത്സരത്തിൽ ഒരു ഗോളിൽ പിറകിൽ നിന്ന സിറ്റിയെ ഒപ്പമെത്തിച്ചതും വിജയ ഗോൾ നേടിയതും അൽവാരസാണ്. അതിൽ ഏറെ ശ്രദ്ധേയമായത് ഒരു അസാധ്യ പൊസിഷനിൽ നിന്നും അൽവാരസ് നേടിയ ഒരു കിടിലൻ ഫ്രീ കിക്ക് ഗോളാണ്. ഇത് തന്നെയിരുന്നു സിറ്റിയുടെ വിജയഗോളും.

സിറ്റിയിൽ അൽവാരസ്‌ മിന്നി തിളങ്ങുമ്പോൾ ആ മിന്നലാട്ടം താരം ദേശീയ കുപ്പായത്തിലും നടത്തുന്നുണ്ട്. ലോകകിരീടം, കോപ്പ അമേരിക്ക, ഫൈനലിസ്മ എന്നീ കിരീട നേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച താരം മെസ്സി യുഗത്തിന് ശേഷം അർജന്റീനയുടെയും തുറുപ്പ് ചീട്ടാകും.