മത്സരത്തിന്റെ തുടക്കത്തിൽ മെസ്സിയെ പിൻവലിച്ചു, പക്ഷെ തകർപ്പൻ വിജയം നേടി ഇന്റർ മിയാമി മുന്നോട്ട്

അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം ക്ലബ് തലത്തിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരമായ ലിയോ മെസ്സിക്കൊപ്പം ഹോം സ്റ്റേഡിയത്തിൽ ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ മിയാമിക്ക് ഗംഭീര വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മേജർ സോക്കർ ലീഗിലെ അവസാന സ്ഥാനക്കാരെ ഇന്റർ മിയാമി തകർത്തുവിട്ടത്.

അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ലിയോ മെസ്സി പോയതിനാൽ കഴിഞ്ഞ മത്സരങ്ങളിൽ മെസ്സി ഇല്ലാതെയായിരുന്നു മിയാമി കളിക്കാൻ ഇറങ്ങിയത്. അറ്റ്ലാൻഡ യുണൈറ്റഡിനെ എതിരായ കഴിഞ്ഞ മത്സരത്തിൽ അഞ്ചു ഗോളുകളുടെ തോൽവി വഴങ്ങിയ ഇന്റർമിയാമി ഇന്ന് ഹോം സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ടോറോന്റോക്കെതിരെ വിജയിച്ചു മടങ്ങിയെത്തുകയാണ്.

മത്സരം തുടങ്ങി മുന്നോട്ടുപോകവേ 37 മിനിറ്റിൽ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ലിയോ മെസ്സിയെ മിയാമി പരിശീലകൻ മൈതാനത്തിൽ നിന്നും തിരികെ വിളിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് ഫാരിയാസിന്റെ ഗോളിലൂടെ ലീഡ് നേടിയ ഇന്റർ മിയാമി 54 മിനിറ്റിൽ ടൈലർ നേടുന്ന ഗോളിൽ ലീഡ് രണ്ടായി ഉയർത്തി. 73 മിനിറ്റിൽ ക്രെമഷിയിലൂടെ ലീഡ് മൂന്നായി ഉയർത്തിയ ഇന്റർമിയാമിക്ക് വേണ്ടി 87 മിനിറ്റിൽ ടൈലർ തന്റെ രണ്ടാമത്തെ ഗോളും നേടി മിയാമിക്ക് വേണ്ടി നാല് ഗോളുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരം വിജയിച്ചതോടെ 28 മത്സരങ്ങളിൽ നിന്നും 31 പോയിന്റുകൾ നേടിയ ഇന്റർ മിയാമി ഒരു സ്ഥാനം മുന്നോട്ടു നീങ്ങി 13 സ്ഥാനത്താണ് നിലവിലുള്ളത്. 29 മത്സരങ്ങളിൽ നിന്നും 22 പോയന്റ് മാത്രമുള്ള ടോറന്റോ അവസാന സ്ഥാനത്താണ്. മേജർ സോക്കർ ലീഗിൽ ലിയോ മെസ്സിക്കൊപ്പം വിജയങ്ങൾ തുടരുന്ന ഇന്റർ മിയാമി അടുത്ത എം എൽ എസ് ലീഗ് മത്സരത്തിൽ ഓർലാണ്ടോ സിറ്റിയെ സെപ്റ്റംബർ 25 തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ച അഞ്ചുമണിക്ക് നേരിടും.