ലയണൽ മെസ്സി മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതോടെ സ്റ്റേഡിയം വിട്ട് ആരാധകരും |Lionel Messi

മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന മത്സരത്തിൽ ടൊറന്റോ എഫ്‌സിക്കെതിരായ ഇന്റർ മയാമി നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ ഇന്റർ മയാമിയുടെ വിജയത്തിൽ ലയണൽ മെസ്സിയുടെ ആരാധകർ അത്ര സന്തുഷ്ടരല്ല . കാരണം മത്സരത്തിന്റെ 37 ആം മിനുട്ടിൽ പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ച ലയണൽ മെസ്സിയെ മയാമി പരിശീലകൻ പിൻവലിച്ചിരുന്നു.

36 കാരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിശീലകൻ മാർട്ടിനെസ് പിൻവലിച്ചത്.സെപ്തംബർ 16ന് അറ്റ്ലാന്റ യുണൈറ്റഡിനോട് 5-2ന് ഇന്റർ മിയാമി തോറ്റ മത്സരത്തിലും സെപ്തംബർ 12 ന് ബൊളീവിയക്കെതിരായ അർജന്റീനയുടെ രണ്ടാം മത്സരത്തിലും ലയണൽ മെസ്സി പരിക്ക് മൂലം കളിച്ചിരുന്നില്ല. ടൊറോന്റൊക്കെതിരെ ലയണൽ മെസ്സിയുടെ പകരക്കാരനായി റോബർട്ട് ടൈലർ ആണ് ഇറങ്ങിയത്.

എന്നാൽ ഇതിനു പിന്നാലെ ആരാധകർ സ്റ്റേഡിയം വിടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മെസ്സി കളിക്കുന്നത്കൊണ്ട് മാത്രം സ്റ്റേഡിയത്തിലെത്തിയ ആരാധകരാണ് കൂട്ടത്തോടെ എഴുനേറ്റ് പോയത്. മെസ്സി അമേരിക്കയിൽ എത്തിയതിനു ശേഷം മുൻപും സാമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ട്.മെസ്സിയുള്ളത് കൊണ്ട് മാത്രമാണ് ഇന്റർ മയാമിയുടെ മത്സരങ്ങൾക്ക് ഇത്രയും ആരാധകർ എത്തുന്നത്.മെസ്സി ഇപ്പോൾ മിയാമിക്ക് വേണ്ടി 12 മത്സരങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അവയിൽ മിക്കതും ലീഗ് കപ്പിലും യു.എസ്. ഓപ്പൺ കപ്പിലും ആയിരുന്നു.ആ മത്സരങ്ങളിൽ നിന്ന് മെസ്സി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി . കൂടാതെ നാല് MLS മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റുകളോടെ ഒരു ഗോളും മെസ്സി നേടി.

മത്സരം വിജയിച്ചതോടെ 28 മത്സരങ്ങളിൽ നിന്നും 31 പോയിന്റുകൾ നേടിയ ഇന്റർ മിയാമി ഒരു സ്ഥാനം മുന്നോട്ടു നീങ്ങി 13 സ്ഥാനത്താണ് നിലവിലുള്ളത്. മേജർ സോക്കർ ലീഗിൽ ലിയോ മെസ്സിക്കൊപ്പം വിജയങ്ങൾ തുടരുന്ന ഇന്റർ മിയാമി അടുത്ത എം എൽ എസ് ലീഗ് മത്സരത്തിൽ ഓർലാണ്ടോ സിറ്റിയെ സെപ്റ്റംബർ 25 തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ച അഞ്ചുമണിക്ക് നേരിടും.