സൗദി ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോയെ കുറിച്ച് ബാഴ്സ പരിശീലകൻ സാവി|Cristiano Ronaldo

ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിയുമായിരുന്നിട്ടും താരം അത്രയധികം അറിയപ്പെടാത്തൊരു ലീഗിനെ തിരഞ്ഞെടുത്തതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയ കാര്യം. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമാണ് റൊണാൾഡോ.

യൂറോപ്പിൽ തന്റെ എല്ലാ ജോലികളും പൂർത്തിയായെന്നും ഇനി സ്വന്തമാക്കാൻ നേട്ടമൊന്നും ബാക്കിയില്ലെന്നുമാണ് റൊണാൾഡോ സൗദിയിലേക്ക് ചേക്കേറിയതിനു ശേഷം പ്രതികരിച്ചത്. ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും റൊണാൾഡോ പറഞ്ഞിരുന്നു. എന്നാൽ സൗദി ലീഗും അവിടുത്തെ മത്സരങ്ങളും എളുപ്പമാകുമെന്ന് റൊണാൾഡോ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന മുന്നറിയിപ്പ് നൽകുകയാണ് ബാഴ്‌സലോണ പരിശീലകൻ സാവി.

“റൊണാൾഡോ സൗദി അറേബ്യയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിനു വേണ്ടിയാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. പക്ഷെ അതൊരു വെല്ലുവിളി തന്നെയാകും. ആ ലീഗ് വളരെ സങ്കീർണമായ ഒന്നാണ്. ഞാൻ അൽ സദ്ദിനെ പരിശീലിപ്പിക്കുന്ന സമയത്ത് അവിടെ നിന്നുമുള്ള ക്ലബുകളെ നേരിട്ടിട്ടുണ്ട്. അതൊരു വെല്ലുവിളിയാണെങ്കിലും റൊണാൾഡോയെപ്പോലൊരു താരത്തിന് അവിടെ വ്യത്യാസം സൃഷ്‌ടിക്കാൻ കഴിയും.” സാവി പറഞ്ഞു.

ഖത്തർ ക്ലബായ അൽ സദ്ദിൽ നിരവധി വർഷങ്ങൾ സാവി പരിശീലകനായി ഉണ്ടായിരുന്നു. നിരവധി നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കി. അതിനു ശേഷമാണ് സാവി ബാഴ്‌സലോണയുടെ ചുമതല ഏറ്റെടുത്തത്. സാവി ഖത്തറിലേക്ക് പോയിരുന്ന സമയത്ത് റൊണാൾഡോ അതിനെതിരെ പരോക്ഷമായ വിമർശനം നടത്തിയിരുന്നു. ആ റൊണാൾഡോയാണ് ഇപ്പോൾ സൗദിയിൽ എത്തിയതെന്നത് മറ്റൊരു കാര്യം.

“എല്ലാവർക്കും അറിയാം, അവർക്ക് ഒന്നാം പേജിൽ വരണമെങ്കിൽ എന്നെക്കുറിച്ച് സംസാരിക്കണം. അദ്ദേഹത്തിന് ബാലൺ ഡി ഓർ ഒന്നുമില്ല, എനിക്ക് മൂന്ന് ഉണ്ട്. സാവി ഖത്തറിലാണ് കളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കായികതാരമാണ് ഞാൻ ” ഇങ്ങനെയായിരുന്നു സാവിക്കെതിരെയുള്ള റൊണാൾഡോയുടെ പ്രതികരണം

ഒരു സീസണിൽ ഇരുനൂറു മില്യൺ യൂറോയോളമാണ് റൊണാൾഡോക്ക് സൗദി ക്ലബിൽ പ്രതിഫലമായി ലഭിക്കുന്നത്. ക്ലബിനൊപ്പം ചേർന്ന താരം പരിശീലനം ആരംഭിച്ചു. പിഎസ്‌ജിക്കെതിരെ സൗദി ഓൾ സ്റ്റാർ ഇലവൻ മത്സരം കളിച്ചാവും റൊണാൾഡോ തന്റെ കരിയർ മിഡിൽ ഈസ്റ്റ് രാജ്യത്ത് ആരംഭിക്കുക. സൗദി ലീഗിൽ റൊണാൾഡോയുടെ അരങ്ങേറ്റം 22നായിരിക്കും.