ഗോളിലേക്കൊരു ഷോട്ട് പോലുമില്ല, സിറ്റിയുടെ നാണം കെട്ട തോൽ‌വിയിൽ പ്രതികരിച്ച് ഗ്വാർഡിയോള

സൗത്താംപ്റ്റനെതിരെ നടന്ന കറബാവോ കപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി ടൂർണമെന്റിൽ നിന്നും പുറത്തു പോയിരിക്കുകയാണ്. ഈ സീസണിലെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ പിന്നിൽ നിൽക്കുന്ന സിറ്റിക്ക് മറ്റൊരു തിരിച്ചടി കൂടി ഇന്നലെ നടന്ന മത്സരം സമ്മാനിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി സൈന്റ്‌സിനെതിരെ തോൽവി വഴങ്ങിയത്. ആദ്യപകുതിയിൽ അഞ്ചു മിനുറ്റിന്റെ ഇടവേളയിൽ സേകു മാറയും മൂസ ജെനെപോയും നേടിയ ഗോളിലായിരുന്നു സിറ്റിയുടെ തോൽവി.

തോൽവിക്കു പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റങ്ങൾ തീർത്തും മോശമായിരുന്നുവെന്നത് അവർക്ക് ആശങ്ക നൽകുന്ന കാര്യമാണ്. മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ അവർക്ക് കഴിഞ്ഞില്ല. എർലിങ് ഹാലാൻഡ്, കെവിൻ ഡി ബ്രൂയ്ൻ, ഹൂലിയൻ അൽവാരസ്, തുടങ്ങിയ താരങ്ങൾ കളിച്ച മത്സരത്തിലാണ് ഇതുപോലൊരു അവസ്ഥ മാഞ്ചസ്റ്റർ സിറ്റിക്ക് വന്നത്. അതുകൊണ്ടു തന്നെ ഈ തോൽവി മാഞ്ചസ്റ്റർ സിറ്റി അർഹിച്ചതാണെന്നാണ് മത്സരത്തിനു ശേഷം പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞത്.

“മികച്ച ടീം വിജയിച്ചു, അവരായിരുന്നു മികച്ചു നിന്നത്, ഞങ്ങൾ നന്നായി കളിച്ചില്ല. മോശം തുടക്കമായിരുന്നു ഞങ്ങളുടേത്, അതിനു ശേഷം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഞങ്ങൾ എന്താണോ അതിന്റെ അടുത്തു പോലും ഇന്നത്തെ മത്സരത്തിൽ എത്താൻ ഈ മത്സരത്തിൽ കഴിഞ്ഞില്ല. ഈ ടൂർണമെന്റിന്റെ സെമി ഫൈനൽ കളിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഞങ്ങൾക്കായില്ല. ഞങ്ങൾ അതിനു ഒരുങ്ങിയിരുന്നില്ല.”

“മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന ഓരോ മത്സരത്തിലും കൃത്യമായി തയ്യാറെടുക്കണം, ഇന്നു പക്ഷെ അതുണ്ടായില്ല. മാഞ്ചസ്റ്റർ ഡെർബിയിൽ ഇതുപോലെ കളിച്ചാൽ ഞങ്ങൾക്കൊരു അവസരവും ഉണ്ടാകില്ല. ടീമിന്റെ ലൈനപ്പാണ് ഇന്നത്തെ മത്സരത്തിൽ കുഴപ്പമെന്ന് ഞാൻ കരുതുന്നില്ല, പ്രകടനം തന്നെയായിരുന്നു പ്രശ്‌നം. ഞങ്ങൾ ഇവിടെയൊന്നും ഉണ്ടായിരുന്നില്ല.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പെപ് ഗ്വാർഡിയോള പറഞ്ഞു.

പ്രീമിയർ ലീഗിലെ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി സൈന്റ്‌സിനെതിരെ തോൽവി നേരിട്ടത്. സീസണിൽ രണ്ടു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി മൂന്നിനെതിരെ ആറു ഗോളുകളുടെ വിജയം സ്വന്തമാക്കിയെങ്കിലും ഇപ്പോൾ അത് പ്രതീക്ഷിക്കാൻ കഴിയില്ല. കഴിഞ്ഞ ആറു മത്സരങ്ങളും വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് തികഞ്ഞ ആത്മവിശ്വാസത്തോടെയാവും സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുക.