ഫിഫ നിയമം പണി കിട്ടിയത് ചെൽസി താരം ഒബമയങിന്, വേറൊരു ക്ലബ്ബിനും ഇനി കളിക്കാൻ കഴിയില്ല.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി മികച്ച പ്രകടനം നടത്തിയ പിയറി എമറിക്ക് ഒബാമയാങ്ങിനെ സമ്മറിൽ ചെൽസി സ്വന്തമാക്കിയെങ്കിലും താരത്തിന് ഇതുവരെയും ക്ലബിനായി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ജനുവരിയിൽ ഒബാമയാങ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. എന്നാൽ താരത്തിന്റെ ട്രാൻസ്‌ഫർ അത്ര എളുപ്പമാകില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫിഫയുടെ നിയമപ്രകാരം ഒരു താരത്തിന് ഒരു സീസണിൽ രണ്ടു ക്ലബുകൾക്ക് വേണ്ടി മാത്രമേ കളിക്കാൻ കഴിയൂ. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസിയിലേക്ക് ചേക്കേറുന്നതിനു മുൻപ് ബാഴ്‌സലോണക്കായി ഒബാമയാങ് ഒരു മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയിരുന്നു. ഇക്കാരണം കൊണ്ട് താരത്തിന് ഈ സീസണിൽ ചെൽസി, ബാഴ്‌സലോണ എന്നീ ക്ലബുകൾക്ക് വേണ്ടി മാത്രമേ കളിക്കാൻ കഴിയൂ.

പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മറിൽ ഒബാമയങ്ങിനെ ഒഴിവാക്കിയെങ്കിലും ബാഴ്‌സക്ക് താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള താൽപര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ അതിനായി ഒബാമയാങ് പ്രതിഫലം കുറക്കേണ്ടി വരുമെന്നും ഫ്രീ ട്രാൻസ്‌ഫർ മാത്രമേ ബാഴ്‌സ സ്വീകരിക്കൂവെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ മെംഫിസ് ഡീപേയ് ട്രാൻസ്‌ഫർ നടക്കുകയും വേണം.

അത്ലറ്റികോ മാഡ്രിഡിന് ഒബാമയങ്ങിനെ സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും അത് നടക്കാൻ സാധ്യതയില്ലെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം ബാഴ്‌സലോണ താരമായ മെംഫിസ് ഡീപേയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തുന്നുണ്ട്. ആ ട്രാൻസ്‌ഫർ നടന്നാൽ ഒബാമയാങ് വീണ്ടും ബാഴ്‌സലോണക്ക് വേണ്ടി കളിക്കാനുള്ള സാധ്യതയുണ്ട്.