അർജന്റീനയുടെ മധ്യനിരയുടെ എൻജിൻ ,എവർഗ്രീൻ റോഡ്രിഗോ ഡി പോൾ | Rodrigo De Paul | World Cup 2026

യൂറോപ്പ് വിട്ട് മെസ്സിയുടെ പാത പിന്തുടർന്ന് എംഎൽഎസിലേക്ക് ചേക്കേറിയെങ്കിലും ലോകകപ്പിൽ ലയണൽ സ്കെലോണിയുടെ ഉറപ്പുള്ള സ്റ്റാർട്ടറിൽ ഒരാളായിരുന്നു മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ. അൾജീരിയയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തോടെ സംശയാലുക്കളുടെ വായയടപ്പിക്കാനും താരത്തിന് സാധിച്ചു.

അൾജീരിയക്കെതിരെ മെസ്സിയുടെ ആദ്യ ഗോളിനായി കൊടുത്ത കൃത്യതയാർന്ന ത്രൂ ബോൾ മാത്രം മതിൽ ഡി പോളിന്റെ ക്വാളിറ്റി മനസ്സിലാക്കാൻ.ലയണൽ സ്കലോണിയുടെ ടീമിന്റെ എഞ്ചിനാണ് മയാമി താരം.അർജന്റീന ക്യാമ്പിൽ ഡി പോളിന്റെ ടീമിലെ പങ്ക് ഒരിക്കലും സംശയാസ്പദമായിരുന്നില്ല: അദ്ദേഹം ഉറപ്പായ ഒരു സ്റ്റാർട്ടറാണ്. അദ്ദേഹത്തിന്റെ ഓൾറൗണ്ട് ഗെയിമോ മെസ്സിയുമായുള്ള കെമിസ്ട്രിയോ മാത്രമല്ല, ഓരോ മത്സരത്തിന്റെയും ടെമ്പോ നിയത്രിക്കാനുള്ള കഴിവും ടീമിന്റെ ആവശ്യങ്ങളെക്കുറിച്ചുള്ള ധാരണയും കാരണം അദ്ദേഹത്തിന്റെ പരിശീലകനും സഹപ്രവർത്തകരും എല്ലാവരും അദ്ദേഹത്തെ പകരം വയ്ക്കാനാവാത്തവനായി കണക്കാക്കി.

അൾജീരിയയ്‌ക്കെതിരെ, അദ്ദേഹം ആ വിശ്വാസത്തിന് പ്രതിഫലം നൽകി.“അദ്ദേഹം കളിക്കുന്ന ലീഗിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല ,ഞങ്ങൾക്ക് പ്രധാനം പ്രകടനമാണ്. അദ്ദേഹം ശരിക്കും നന്നായി കളിക്കുന്നു. പിച്ചിലേക്ക് ഇറങ്ങുമ്പോൾ, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.തീവ്രതയോടെ കളിക്കുമ്പോൾ, അദ്ദേഹം ഒരു ഗെയിം ചേഞ്ചറാണ്, അദ്ദേഹം അത് തെളിയിച്ചു” സ്കെലോണി പറഞ്ഞു.

മെസ്സിയുടെ ഹാട്രിക്ക് ഇല്ലായിരുന്നെങ്കിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡിന് ഡി പോൾ അർഹനാകുമായിരുന്നു.റേസിംഗ് ക്ലബ്ബിൽ ഒരു മികച്ച പ്ലേമേക്കർ എന്ന നിലയിൽ തന്റെ ആദ്യകാലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചതുപോലെ ഡി പോൾ തന്റെ സാങ്കേതിക കഴിവ്,വിഷൻ എന്നിവ അൾജീരിയക്കെതിരെ പ്രദർശിപ്പിച്ചു.