ദോഹയിൽ നിന്നും മെസിയെ എത്തിക്കാനായിരുന്നു ആഗ്രഹം, അൽ നസ്ർ പരിശീലകൻ പറയുന്നു

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയ വിവരം സ്ഥിരീകരിച്ചത്. യൂറോപ്യൻ ഫുട്ബോൾ അടക്കി ഭരിച്ച താരം ഏഷ്യയിലേക്ക് ചേക്കേറുന്നത് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണെങ്കിലും ഈ ട്രാൻസ്‌ഫറോടെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി റൊണാൾഡോ മാറും. നിലവിൽ കളിക്കുന്ന, ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളെ മറികടന്നാണ് റൊണാൾഡോ തന്റെ മുപ്പത്തിയെട്ടാം വയസിൽ ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി മാറിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമല്ല സൗദി അറേബ്യൻ ക്ലബിന്റെ പട്ടികയിലുള്ളതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. റൊണാൾഡോയെ ടീമിലെത്തിച്ചതിനു പുറമെ സെർജിയോ റാമോസ്, എൻഗോളോ കാന്റെ, മൗറോ ഇകാർഡി എന്നിവരെയും അൽ നസ്ർ നോട്ടമിടുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഏഷ്യയിലെ ഏറ്റവും ,മികച്ച ക്ലബായി മാറാനാണ് അൽ നസ്ർ ഒരുങ്ങുന്നതെന്ന് അവരുടെ നീക്കങ്ങൾ വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമെ ലയണൽ മെസിയെ ടീമിന്റെ ഭാഗമാക്കാൻ തനിക്ക് താൽപര്യമുണ്ടെന്നും അൽ നസ്ർ പരിശീലകൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്‌ഫറിനെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ലയണൽ മെസിയെ സ്വന്തമാക്കാനാണ് ആഗ്രഹം ഉണ്ടായിരുന്നതെന്ന് മൂന്നു തവണ ഫ്രഞ്ച് മാനേജർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റൂഡി ഗാർസിയ പറഞ്ഞത്. ദോഹയിൽ നിന്നും മെസിയെ സൗദിയിൽ എത്തിക്കാൻ താൽപര്യം ഉണ്ടായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം റൊണാൾഡോ ടീമിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു. താരം ടീമുമായി പെട്ടന്നു തന്നെ ഇണങ്ങിച്ചേരുമെന്നു പ്രതീക്ഷിക്കുന്നതായും ക്ലബ്ബിനെ സഹായിക്കാൻ കഴിയുമെന്നു വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സൗദി ലീഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന ക്ലബുകൾ കിരീടപ്പോരാട്ടത്തിൽ അൽ നസ്റിന് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്. റൊണാൾഡോ എത്തിയതോടെ അതെല്ലാം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവർ. അതേസമയം ലയണൽ മെസി യൂറോപ്പ് വിടുകയാണെങ്കിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അൽ നസ്ർ നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ സൗദി ടൂറിസത്തിന്റെ അംബാസിഡറായ ലയണൽ മെസിക്ക് മിഡിൽ ഈസ്റ്റ് രാജ്യവുമായി ചെറിയൊരു ബന്ധമുണ്ട്.