2023 ലെ ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പിഎസ്ജി : ചെൽസിയെ സമനിലയിൽ പൂട്ടി ഫോറസ്റ്റ് | PSG

സീസണിലെ പിഎസ്ജിയുടെ അപരാജിത കുതിപ്പ് അവസാനിച്ചു. സ്റ്റേഡ് ബൊള്ളേർട്ട്-ഡെലിലിസ് സ്റ്റേഡിയത്തിൽ ലെൻസിനോട് 3-1 നാണ് പിഎസ്ജി തോറ്റത്. അർജന്റീനയിൽ നിന്ന് ഇതുവരെ പാരീസിലേക്ക് മടങ്ങിയെത്തിയിട്ടില്ലാത്ത ലയണൽ മെസ്സിയും കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ നെയ്മറും ഇല്ലാതെയാണ് പിഎസ്ജി ലെൻസുമായി ഏറ്റുമുട്ടിയത്. മത്സരത്തിൽ പിഎസ്ജി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി ലെൻസ് വിജയം സ്വന്തമാക്കി.

പ്രസെമിസ്ലാവ് ഫ്രാങ്കോവ്‌സ്‌കി, ലോയിസ് ഓപ്പൻഡ, അലക്‌സിസ് ക്ലോഡ് മൗറീസ് എന്നിവരാണ് ലെൻസിനായി ഗോളുകൾ നേടിയത്. ഹ്യൂഗോ എകിടികെയാണ് പിഎസ്ജിയുടെ ഗോൾ സ്‌കോറർ. പ്രെസെമിസ്ലാവ് ഫ്രാങ്കോവ്‌സ്‌കിയിലൂടെ ലെൻസ് കളിയുടെ തുടക്കത്തിൽ സ്‌കോർ ചെയ്തു. കളിയുടെ അഞ്ചാം മിനിറ്റിൽ ലെൻസ് നേടിയ ലീഡിന് മൂന്ന് മിനിറ്റ് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. എട്ടാം മിനിറ്റിൽ ഹ്യൂഗോ എകിടികെ നേടിയ ഗോളിൽ പിഎസ്ജിയെ കളിയിലെത്തിച്ചു. പിന്നീട് കളിയുടെ 28-ാം മിനിറ്റിൽ ലെൻസ് ലീഡ് കണ്ടെത്തി.

സെക്കോ ഫൊഫാനയുടെ അസിസ്റ്റിൽ ലോയിസ് ഓപ്പൻഡ ലെൻസിനായി സ്കോർ ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ പിഎസ്ജിക്കെതിരെ ലെൻസ് 2-1ന് ലീഡ് ചെയ്തു. അതിനുശേഷം കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെൻസ് ലീഡ് ഇരട്ടിയാക്കി. 47-ാം മിനിറ്റിൽ അലക്സിസ് ക്ലോഡ് മൗറിസാണ് ലെൻസിനായി മൂന്നാം ഗോൾ നേടിയത്. ലോയിസ് ഓപ്പൻഡയുടെ അസിസ്റ്റിലാണ് അലക്സിസ് ക്ലോഡ് മൗറീസ് ഗോൾ നേടിയത്. ഇതോടെ കൂടുതൽ കരുത്തും നിരന്തര ആക്രമണങ്ങളുമായി പിഎസ്ജി കളിയിലേക്ക് തിരിച്ചെത്തി.

എന്നാൽ, സുവർണാവസരങ്ങൾ സൃഷ്ടിക്കുന്നതിലും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പിഎസ്ജി പരാജയപ്പെട്ടു. ഇതോടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പിഎസ്ജിക്ക് 3-1ന്റെ തോൽവി. ഇതോടെ ലീഗ് 1 ലെ 25 മത്സരങ്ങളിലെ PSGയുടെ അപരാജിത കുതിപ്പ് അവസാനിച്ചു. കഴിഞ്ഞ 25 ലീഗ് 1 മത്സരങ്ങളിൽ PSG 20 മത്സരങ്ങൾ ജയിക്കുകയും അഞ്ച് മത്സരങ്ങൾ സമനിലയിലാവുകയും ചെയ്തു. അതേസമയം, 17 കളികളിൽ നിന്ന് 44 പോയിന്റുമായി PSG ലീഗ് 1 പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 17 കളികളിൽ നിന്ന് 40 പോയിന്റുമായി ലെൻസ് രണ്ടാം സ്ഥാനത്താണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ റിലഗേഷൻ സോണിൽ ഉള്ള നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.ആദ്യ പകുതിയിൽ 16ആം മിനുട്ടിൽ സ്റ്റെർലിങ്ങിലൂടെ ചെൽസി മുന്നിലെത്തി.65ആം മിനുട്ടിൽ ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ സെർഹ് ഒറിയെ ആണ് ഫോറസ്റ്റിന് സമനില നൽകി.ഈ സമനില ചെൽസിയെ 25 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിർത്തുകയാണ്. 14 പോയിന്റുള്ള ഫോറസ്റ്റ് 18ആം സ്ഥാനത്താണ്.