റാഫീഞ്ഞ ബാഴ്സ വിട്ട് പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങിയേക്കും, ലക്ഷ്യം വെച്ചിരിക്കുന്നത് വമ്പൻ ക്ലബ്ബ്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബ്രസീലിന്റെ മിന്നും താരമായ റാഫീഞ്ഞയെ ബാഴ്സ സ്വന്തമാക്കിയത്.ഒരുപാട് ശ്രമങ്ങൾക്ക് ശേഷമാണ് ലീഡ്സ് യുണൈറ്റഡിൽ നിന്നും ബാഴ്സ ബ്രസീലിയൻ താരത്തെ കരസ്ഥമാക്കിയത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി നല്ല രൂപത്തിൽ ശ്രമിച്ചിരുന്നുവെങ്കിലും ബാഴ്സ അതിനെയെല്ലാം മറികടക്കുകയായിരുന്നു.

പക്ഷേ ഈ ബ്രസീലിയൻ താരത്തിന്റെ കാര്യത്തിൽ കരുതിയ പോലെയല്ല കാര്യങ്ങൾ നടന്നത്. ബാഴ്സയിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു കളി മികവ് പുറത്തെടുക്കാൻ ഈ താരത്തിന് കഴിഞ്ഞില്ല. 14 മത്സരങ്ങളിൽ ലീഗിൽ പങ്കെടുത്തപ്പോൾ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമാണ് ഈ സ്ട്രൈക്കർ നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ ഒഴിവാക്കാൻ ബാഴ്സ ആലോചിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്തേക്ക് വരുന്നുണ്ട്.

ഉയർന്ന മൂല്യമുള്ള സ്ഥിരമായി കളിക്കാത്ത താരങ്ങളെ വിൽക്കുക എന്നതാണ് ഇപ്പോൾ ബാഴ്സ ഉദ്ദേശിക്കുന്നത്. അതിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കണം എന്നുള്ളതാണ് ബാഴ്സയുടെ ലക്ഷ്യം. ആ ഗണത്തിലാണ് ഇപ്പോൾ റാഫിഞ്ഞ ഉള്ളത്. മാത്രമല്ല പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് ഈ താരത്തെ സ്വന്തമാക്കാനും ഇപ്പോൾ വലിയ താല്പര്യമുണ്ട്.

ടോഡോഫിഷാജസാണ് ഈ വിവരം പങ്കുവെച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു താരത്തെ കൈമാറി അതിനുപുറമേ പണവും നൽകിക്കൊണ്ട് റാഫിഞ്ഞയെ സ്വന്തമാക്കാനാണ് സിറ്റി ഉദ്ദേശിക്കുന്നത്. സിറ്റിക്ക് പുറമേ നേരത്തെ അദ്ദേഹത്തിന് വേണ്ടി ശ്രമിച്ചിരുന്ന ചെൽസിക്കും താൽപര്യമുണ്ട്.പക്ഷേ കാര്യങ്ങൾ ഒന്നും തീരുമാനമായിട്ടില്ല. ബെർണാഡോ സിൽവയെ സിറ്റി കൈമാറിയേക്കും എന്നുള്ള റിപ്പോർട്ടുകളും പുറത്തേക്ക് വരുന്നുണ്ട്.

പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡിനു വേണ്ടി കഴിഞ്ഞ സീസണിൽ ഒക്കെ അസാമാന്യ മികവ് കാഴ്ചവെച്ച താരം കൂടിയാണ് റാഫീഞ്ഞ. അതുകൊണ്ടുതന്നെ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് അദ്ദേഹം മുതൽക്കൂട്ടാവും എന്നുള്ള കാര്യത്തിൽ സംശയങ്ങൾക്ക് വകയില്ല. ബാഴ്സയിൽ അദ്ദേഹത്തിന് പ്രതീക്ഷിക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രീമിയർ ലീഗിലേക്ക് എത്തുകയാണെങ്കിൽ അത് പരിഹരിക്കപ്പെടും എന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്.