എസ്പനോളിനോട് സമനില വഴങ്ങി, തന്റെ താരങ്ങൾക്ക് മുട്ടൻ പണികൊടുത്ത് സാവി

ലാലിഗയിൽ കഴിഞ്ഞ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.കാറ്റലൻ ഡെർബിയിൽ എസ്പനോളാണ് ബാഴ്സയെ സമനിലയിൽ തളച്ചിരുന്നത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് പിരിഞ്ഞത്. മത്സരത്തിൽ ലാഹോസ് നിരവധി കാർഡുകൾ പുറത്തെടുത്തു കൊണ്ട് മത്സരം കൂടുതൽ ശ്രദ്ധയാകർഷിച്ചിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അലോൺസോയിലൂടെ ലീഡ് നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് ജോസെലു പെനാൽറ്റി സമനില ഗോൾ നേടുകയായിരുന്നു.ഇതോടെ രണ്ട് പോയിന്റ് ബാഴ്സ ഡ്രോപ്പ് ചെയ്തു. പോയിന്റ് ടേബിളിൽ ബാഴ്സ ഒന്നാംസ്ഥാനത്ത് ഉണ്ടെങ്കിലും അത് കേവലം ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.

പോയിന്റ് നഷ്ടപ്പെടുത്തിയതിൽ ബാഴ്സയുടെ പരിശീലകനായ സാവി ശരിക്കും നിരാശനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ താരങ്ങൾക്ക് ഇപ്പോൾ ഒരു പണിഷ്മെന്റ് നൽകിയിട്ടുണ്ട് എന്നാണ് മീഡിയാസ് റിപ്പോർട്ട് ചെയ്യുന്നത്. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ പുതുവത്സര ദിനത്തിൽ തന്റെ താരങ്ങൾക്ക് അവധി നൽകാൻ സാവി തീരുമാനിച്ചിരുന്നു.ആ പ്ലാനിലാണ് അദ്ദേഹം മാറ്റം വരുത്തിയത്.മറിച്ച് ഒരു അധിക സെഷൻ പരിശീലനം നടത്താൻ സാവി ഇപ്പോൾ ബാഴ്സ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് പണിഷ്മെന്റ് ആയിക്കൊണ്ട് സാവി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.അടുത്ത മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ട് കൂടുതൽ ഒരുക്കങ്ങൾ നടത്താനാണ് സാവി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ബാഴ്സ അടുത്ത മത്സരം കോപ്പ ഡെൽ റേയിലാണ് കളിക്കുക.സിഎഫ് ഇന്റർ സിറ്റിയാണ് ബാഴ്സയുടെ എതിരാളികൾ.അതിനുശേഷം നടക്കുന്ന ലീഗ് മത്സരത്തിൽ ബാഴ്സയുടെ എതിരാളികൾ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡ് ആണ്.അത് ബാഴ്സക്ക് ഒട്ടും എളുപ്പമുള്ള മത്സരം ആയിരിക്കില്ല.അതുകൊണ്ടുതന്നെ കൂടുതൽ മുന്നൊരുക്കങ്ങൾ ആ മത്സരത്തിനു വേണ്ടി ബാഴ്സക്ക് ആവശ്യമാണ്.