മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേക്ക് തിളങ്ങാൻ കഴിഞ്ഞില്ല, പ്രതികരണവുമായി പിഎസ്ജി കോച്ച്

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് രണ്ടാം സ്ഥാനക്കാരായ ലെൻസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പ്രത്യേകിച്ചൊന്നും പിഎസ്ജിയുടെ താരനിരക്ക് ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു.

വേൾഡ് കപ്പ് കിരീടം നേടിയതിനുശേഷം ലയണൽ മെസ്സി ക്ലബ്ബിനൊപ്പം ഇതുവരെ ചേർന്നിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് കണ്ടതിനാൽ നെയ്മർ ജൂനിയർക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.ഈ രണ്ടു താരങ്ങളുടെ അഭാവത്തിൽ മറ്റൊരു മിന്നും താരമായ കിലിയൻ എംബപ്പേക്കും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. മെസ്സിയും നെയ്മറും ഇല്ലാതിരുന്നാൽ എംബപ്പേയും വട്ടപ്പൂജ്യനാണ് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നത്.

എന്നാൽ ഈ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾടിയർ മറുപടി നൽകിയിട്ടുണ്ട്.എംബപ്പേയെ സപ്പോർട്ട് ചെയ്തു കൊണ്ടാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്.എംബപ്പേ നല്ല രൂപത്തിൽ കളിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ എതിരാളികളുടെ പ്രതിരോധം വളരെ ശക്തമായിരുന്നു എന്നുമാണ് പിഎസ്ജി കോച്ച് പറഞ്ഞിട്ടുള്ളത്.

‘ എംബപ്പേ വളരെയധികം എഫർട്ട് എടുത്തിരുന്നു.3-1 പിറകിൽ പോയ സമയത്ത് പോലും അദ്ദേഹം വളരെയധികം മനോവീര്യം കാണിച്ചു.നിർഭാഗ്യവശാൽ അദ്ദേഹത്തിന് ഡിഫറൻസ് ഒന്നും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ല. അതിന്റെ പ്രധാനപ്പെട്ട കാരണം എതിരാളികൾ നല്ല രൂപത്തിൽ ഡിഫൻഡ് ചെയ്തു എന്നുള്ളതാണ്.നല്ല ഒത്തിണക്കത്തോടുകൂടി എതിരാളികൾ കളിക്കുകയും സ്പേസുകൾ ലഭിക്കുന്നതും പരമാവധി കുറക്കുകയും ചെയ്തു. അതാണ് ഞങ്ങൾക്ക് യഥാർത്ഥത്തിൽ തിരിച്ചടിയായത് ‘ പിഎസ്ജി കോച്ച് പറഞ്ഞു.

2023ലെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ടത് ക്ലബ്ബിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇതുവരെ ഒരൊറ്റ പരാജയം പോലും അറിയാത്ത പിഎസ്ജിക്ക് ഇതൊരു ഞെട്ടൽ തന്നെയാണ്. ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബയേണിനെ നേരിടാനുള്ളതും പിഎസ്ജിക്ക് വെല്ലുവിളി ഉണ്ടാക്കുന്ന കാര്യമാണ്.