വിമർശനങ്ങൾ അതിരുവിടുന്നു, ക്ലബ്ബ് വിടാൻ തീരുമാനിച്ച് അർജന്റൈൻ സൂപ്പർ താരങ്ങൾ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കിരീടം നേടിയപ്പോൾ അർജന്റീനയുടെ ഭാഗമായ താരങ്ങളാണ് എയ്ഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും. വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ ഡി മരിയക്ക് സാധിച്ചിരുന്നു.ഫൈനലിൽ അദ്ദേഹം ഫ്രാൻസിനെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു. രണ്ടുപേരും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു രണ്ട് താരങ്ങളും ടുറിനിൽ എത്തിയിരുന്നത്. ടീമിനോടൊപ്പം ചേരാൻ വൈകിയതിൽ യുവന്റസ് ആരാധകർക്ക് കടുത്ത അസംതൃപ്തി ഉണ്ടായിരുന്നു.സോഷ്യൽ മീഡിയയിൽ അവരത് പ്രകടിപ്പിക്കുകയും വാർത്തയാവുകയും ചെയ്തിരുന്നു. യുവന്റസ് ജേഴ്‌സിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇവർക്ക് സാധിക്കുന്നില്ല എന്ന ആരോപണവും ആരാധകർക്കിടയിൽ ശക്തമാണ്.

മാത്രമല്ല ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഡി മരിയ യുവന്റസ് വിടുമെന്നുള്ള റൂമർ ചില ഇറ്റാലിയൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. പിന്നീട് ഡി മരിയ നേരിട്ട് ഈ റൂമർ തള്ളിക്കളയുകയായിരുന്നു.പരേഡസിനാവട്ടെ യുവന്റസ് ആരാധകരിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പരേഡസിനെ എത്തിച്ചത് വലിയ മണ്ടത്തരമായി എന്നായിരുന്നു നേരത്തെ ഒരു ഇറ്റാലിയൻ ഇതിഹാസം വിമർശിച്ചിരുന്നത്.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിന് ശേഷം രണ്ട് പേരും ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് ഡി മരിയ യുവന്റസുമായി കോൺട്രാക്ട് സൈൻ ചെയ്തത്.ഈ കോൺട്രാക്ട് അവസാനിച്ചു കഴിഞ്ഞാൽ ഡി മരിയ പുതിയ ക്ലബ്ബിലേക്ക് ചേക്കേറും.പരേഡസ് ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് കളിക്കുന്നത്. ഈ കരാർ അവസാനിച്ചു കഴിഞ്ഞാൽ അദ്ദേഹവും പിഎസ്ജിയിലേക്ക് മടങ്ങും.

മാത്രമല്ല താരത്തെ നിലനിർത്താൻ പിഎസ്ജി ഉദ്ദേശിക്കുന്നുമില്ല. അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് അർജന്റീന താരങ്ങളും ക്ലബ്ബ് വിടും എന്നത് ഉറപ്പാവുകയാണ്.അല്ലെഗ്രി പരിശീലകനായിട്ട് പോലും കാര്യങ്ങളിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ഈ സീസണിൽ മോശം പ്രകടനമാണ് യുവന്റസ് നടത്തിയിട്ടുള്ളത്.