മെസ്സിയുടെ ആ പ്രസംഗമാണ് എല്ലാം മാറ്റിമറിച്ചത്: ടാഗ്ലിയാഫിക്കോ പറയുന്നു

ഖത്തർ വേൾഡ് കപ്പിൽ ഒരു അപ്രതീക്ഷിത തുടക്കമായിരുന്നു അർജന്റീനക്ക് ലഭിച്ചിരുന്നത്.ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടു.യഥാർത്ഥത്തിൽ അർജന്റീനയുടെ കാര്യങ്ങളെ കൂടുതൽ അത് വഷളാക്കുകയായിരുന്നു.പക്ഷേ പിന്നീടുള്ള ഓരോ മത്സരങ്ങളെയും ഫൈനൽ പോലെ സമീപിച്ച അർജന്റീന ഒടുവിൽ കിരീടം കൈക്കലാക്കി കൊണ്ടാണ് ഖത്തറിൽ നിന്നും കളം വിട്ടത്.

എന്നാൽ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നില്ല.ആ ആദ്യ പകുതിക്ക് ശേഷം അർജന്റീനയുടെ നായകനായ ലയണൽ മെസ്സി നടത്തിയ പ്രസംഗമാണ് അർജന്റീന താരങ്ങൾക്ക് തുണയായിട്ടുള്ളത്. ആ പ്രസംഗത്തിനുശേഷം പിന്നീട് ഓരോ മത്സരം തങ്ങൾക്ക് ഫൈനൽ പോലെയാണ് അനുഭവപ്പെട്ടത് എന്നാണ് ടാഗ്ലിയാഫിക്കോ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്.

‘മെക്സിക്കോക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷം ലയണൽ മെസ്സി ഒരു ഇമോഷണൽ സ്പീച് നടത്തിയിരുന്നു. സ്റ്റേഡിയത്തിലേക്ക് ഞങ്ങളെ പിന്തുണക്കാൻ വന്ന,ഞങ്ങൾക്ക് വേണ്ടി ആർപ്പു വിളിച്ചുകൊണ്ടിരിക്കുന്ന ആരാധകരിലേക്ക് നോക്കാൻ മെസ്സി ഞങ്ങളോട് പറഞ്ഞു.അവർക്ക് വേണ്ടിയെങ്കിലും നമ്മൾ വിജയിക്കേണ്ടതുണ്ട് എന്നാണ് മെസ്സി ഞങ്ങളോട് ആവശ്യപ്പെട്ടത്. ആ പ്രസംഗത്തിനുശേഷമാണ് ഞങ്ങൾക്ക് ഓരോ മത്സരവും ഓരോ ഫൈനൽ പോലെ അനുഭവപ്പെട്ടത് ‘ ഇതാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.

മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ യഥാർത്ഥത്തിൽ അർജന്റീനയുടെ രക്ഷകനായി അവതരിച്ചത് ലയണൽ മെസ്സി തന്നെയായിരുന്നു. മത്സരത്തിന്റെ 64ആം മിനിറ്റിൽ ലയണൽ മെസ്സി നേടിയ മനോഹരമായ ഗോൾ ആണ് കാര്യങ്ങൾ അർജന്റീനക്ക് അനുകൂലമാക്കിയത്. തുടർന്ന് എൻസോ ഫെർണാണ്ടസ് മെസ്സിയുടെ പാസിൽ നിന്നും മറ്റൊരു ഗോൾ കൂടി കണ്ടെത്തിയതോടെ അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തി. ആ മത്സരം തൊട്ടുള്ള എല്ലാ മത്സരവും വിജയിക്കാൻ അർജന്റീനക്ക് സാധിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട സമയത്ത് ലയണൽ മെസ്സി ആരാധകരോട് ഒരു കാര്യം മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അർജന്റീന ടീമിൽ വിശ്വസിക്കാനും ഈ ടീം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നുള്ള ഉറപ്പായിരുന്നു മെസ്സി നൽകിയിരുന്നത്. ആ വാക്ക് കൃത്യമായി പാലിക്കാൻ ലയണൽ മെസ്സിക്ക് പിന്നീട് സാധിക്കുന്നതാണ് നമുക്ക് ഖത്തറിൽ കാണാൻ കഴിഞ്ഞത്.