മാക്ക് ആല്ലിസ്റ്റർക്ക് വേണ്ടി കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു, ആകെ രംഗപ്രവേശനം ചെയ്തത് നാല് പ്രമുഖ ക്ലബ്ബുകൾ

കഴിഞ്ഞ വേൾഡ് കപ്പിൽ അർജന്റീനയുടെ നിരയിൽ ആരാധകരുടെ മനം കവർന്ന മറ്റൊരു താരമാണ് അലക്സിസ് മാക്ക് ആലിസ്റ്റർ.ഫൈനലിൽ അദ്ദേഹം നടത്തിയ മാസ്മരിക പ്രകടനമൊക്കെ ഇപ്പോഴും ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ഒരു മികച്ച അസിസ്റ്റ് അദ്ദേഹം ഫൈനലിൽ നൽകിയിരുന്നു. മാത്രമല്ല വേൾഡ് കപ്പിൽ ഒരു ഗോളും അദ്ദേഹം തന്റെ പേരിൽ കുറിച്ചു കഴിഞ്ഞിട്ടുണ്ട്.

വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി അദ്ദേഹത്തിന്റെ മൂല്യം വലിയ രൂപത്തിൽ വർധിച്ചിരുന്നു. മാത്രമല്ല ഈ പ്രീമിയർ ലീഗ് താരത്തിൽ ഒരുപാട് വലിയ ക്ലബ്ബുകൾ ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തെ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ സ്വന്തമാക്കാൻ വേണ്ടി നാല് പ്രമുഖ ക്ലബ്ബുകളാണ് ഇപ്പോൾ മുന്നോട്ടു വന്നിട്ടുള്ളത്.

ബ്രൈറ്റൻ താരമായ ഇദ്ദേഹത്തിന് വേണ്ടി പ്രീമിയർ ലീഗിൽ നിന്ന് തന്നെ 2 വലിയ ക്ലബ്ബുകൾ വന്നിട്ടുണ്ട്.ആഴ്സണൽ, ചെൽസി എന്നിവർക്കാണ് ഇപ്പോൾ ഈ അർജന്റീന താരത്തെ ആവശ്യമുള്ളത്. കൂടാതെ ലാലിഗ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ഏറ്റവും പുതിയതായി കൊണ്ട് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസും മുന്നോട്ടുവന്നു കഴിഞ്ഞു.

ആഴ്സണൽ, ചെൽസി,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ രംഗത്ത് വന്ന കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത് അർജന്റീന ജേണലിസ്റ്റ് ആയ ഗാസ്റ്റൻ എഡ്യൂൾ ആണ്.യുവന്റസിന്റെ കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ്.പക്ഷേ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ വിൽക്കാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.മറിച്ച് അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപക്ഷേ ഇത് പരിഗണിച്ചേക്കും.

താരത്തെ വിൽക്കുകയാണെങ്കിൽ വലിയ ഒരു തുക തന്നെ നേടാനും ബ്രൈറ്റണ് കഴിയും.യുവന്റസിലേക്ക് പോവുകയാണെങ്കിൽ ഡി മരിയ,പരേഡസ് എന്നിവർക്കൊപ്പം ജോയിൻ ചെയ്യാൻ സാധിക്കും.അത്ലറ്റിക്കോയിലേക്ക് ആണെങ്കിൽ ഡി പോൾ അവിടെയുണ്ട്.2023 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു കടുത്ത പോരാട്ടം തന്നെ ഈ അർജന്റീന താരത്തിന് വേണ്ടി കാണാൻ കഴിഞ്ഞേക്കും.