അർജന്റീനക്ക് നന്ദി,ഇതിനോടകം തന്നെ ആൽവരസ് വേൾഡ് കപ്പ് ജേതാവായി എന്നുള്ളത് വിശ്വസിക്കാൻ പോലും കഴിയുന്നില്ല : പ്രശംസകളുമായി പെപ്

ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ട് ഏവരുടെയും മനം കവർന്ന താരമാണ് ജൂലിയൻ ആൽവരസ്.ലൗറ്ററോ മാർട്ടിനസിന് തിളങ്ങാൻ സാധിക്കാതെ പോയതോടെ തനിക്ക് ലഭിച്ച അവസരം ആൽവരസ് കൃത്യമായി മുതലെടുക്കുകയായിരുന്നു. നാല് ഗോളുകൾ നേടി കൊണ്ട് അർജന്റീനക്ക് കിരീടം ലഭിക്കുന്നതിൽ ആൽവരസ് വലിയ സാന്നിധ്യമായി മാറുകയായിരുന്നു.

പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് നിലവിൽ ആൽവരസ് കളിച്ചു കൊണ്ടിരിക്കുന്നത്. സ്ഥിരമായി അവസരങ്ങൾ ലഭിക്കാറില്ലെങ്കിലും കിട്ടുന്ന അവസരങ്ങളിൽ എല്ലാം അദ്ദേഹം മികച്ച രൂപത്തിൽ കളിക്കാറുണ്ട്. വേൾഡ് കപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ഫലമായി കൊണ്ട് കൂടുതൽ അവസരങ്ങൾ പെപ് ഗ്വാർഡിയോള ആൽവരസിന് നൽകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസവും ഒരിക്കൽ കൂടി പെപ് ഈ അർജന്റീന താരത്തെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ ആൽവരസ് ഒരു വേൾഡ് കപ്പ് ജേതാവായി എന്നുള്ളത് അവിശ്വസനീയമായ കാര്യമാണ് എന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല താരത്തിന്റെ മികവ് കൂടുതൽ വർദ്ധിപ്പിക്കാൻ കഴിഞ്ഞതിന് അർജന്റീനക്ക് പെപ് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

‘ ഞങ്ങളെല്ലാവരും ആൽവരസിന്റെ കാര്യത്തിൽ വലിയ ഹാപ്പിയാണ്. അർജന്റീന പരാജയപ്പെടാനുള്ള സാധ്യതകൾ വേൾഡ് കപ്പിൽ ഉണ്ടായിരുന്നു, അങ്ങനെയായിരുന്നുവെങ്കിൽ അദ്ദേഹം ജേതാവ് ആകുമായിരുന്നില്ല, എന്നിരുന്നാൽ പോലും അദ്ദേഹം ഞങ്ങൾക്ക് അസാധാരണമായ ഒരു താരം തന്നെയായിരിക്കും. ലയണൽ മെസ്സിയിൽ നിന്നും വളരെ വ്യത്യസ്തനായ ഒരു താരമാണ് ജൂലിയൻ. ഇപ്പോൾതന്നെ അദ്ദേഹം വേൾഡ് കപ്പ് ജേതാവായി എന്നുള്ളത് അവിശ്വസനീയമായ കാര്യമാണ്. കൂടുതൽ മികച്ച താരമായി കൊണ്ട് ആൽവരസ് തിരിച്ചെത്തിയതിന് ഞാൻ അർജന്റീനയോട് നന്ദി പറയുന്നു ‘ പെപ് പറഞ്ഞു.

വളരെ മനോഹരമായ നിർണായകമായ ഗോളുകൾ വേൾഡ് കപ്പിൽ നേടാൻ അർജന്റീനയുടെ യുവതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ ജൂലിയൻ ആൽവരസ് അർജന്റീനക്ക് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.